ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ അജണ്ട തിരിച്ചറിയണം: കെസിബിസി
സംസ്ഥാനത്തെ ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ അജണ്ട തിരിച്ചറിയണമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ(കെസിബിസി). സമീപ കാലത്തായി ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള സമരങ്ങളും അപവാദപ്രചരണങ്ങളും വര്‍ധിച്ചു വരുന്നതായി ഇന്ന് നടന്ന കെസിബിസി യോഗം വിലയിരുത്തി.
ഇതുപോലെയുള്ള വിഷയങ്ങള്‍ മറ്റുള്ള സ്ഥാപനങ്ങളില്‍ ഉണ്ടാകുമ്പോള്‍ മൗനം പാലിക്കുന്ന രാഷ്ട്രീയ സമുദായ സംഘടനകള്‍ ക്രൈസ്തവ സ്ഥാപനങ്ങളില്‍ മാത്രം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ വ്യക്തമായ അജണ്ട ഉണ്ടെന്നും, ഈ കാര്യത്തിൽ സര്‍ക്കാരും മത സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തകരും ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കപ്പെടുമെന്നും കെസിബിസി അഭിപ്രായപ്പെട്ടു.
മണിപ്പൂരിൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന വർഗീയ സംഘർഷത്തിൽ കെസിബിസി ആശങ്ക രേഖപ്പെടുത്തി. അവിടെ എത്രയും വേഗം സമാധാനം ഉറപ്പുവരുത്തണം. വർഗീയ വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തിൽ അരക്ഷിതാവസ്ഥ പ്രചരിപ്പിക്കുന്ന രാഷ്ട്രീയക്കാരെ നിയന്ത്രിക്കണമെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ആവശ്യപ്പെട്ടു.
സംഘടനയുടെ മൂന്നു ദിവസം നീണ്ട വർഷകാല സമ്മേളത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മണിപ്പൂരിലെ സംഘർഷത്തിൽ മെത്രാൻ സമിതി ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പ്രവർത്തനങ്ങളും പീഡനങ്ങളും സമ്മേളനം വിലയിരുത്തിയതായി ഫാ. ജേക്കബ് അറിയിച്ചു. ദലിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണം നൽകണമെന്ന പ്രമേയം പാസാക്കി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്നും മെത്രാൻ സമിതി അഭ്യർഥിച്ചു.