ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ആഗ്ര സ്വദേശിക്ക് സ്ഥിരീകരിച്ചു
രണ്ട് ദിവസം മുമ്പ് ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 40 കാരന് കോവിഡ് -19 സ്ഥിരീകരിച്ചു. ഡിസംബർ 23 ന് ചൈനയിൽ നിന്ന് ഡൽഹി വഴി ആഗ്രയിലേക്ക് മടങ്ങിയ ഇയാൾ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് -19 സ്ഥിതീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്കു മാറ്റുമെന്നും സാമ്പിളുകൾ ജീനോം സീക്വൻസിങ്ങിനായി ലഖ്‌നൗവിലേക്ക് അയക്കുമെന്നും ചീഫ് മെഡിക്കൽ ഓഫീസർ അരുൺ ശ്രീവാസ്തവ പറഞ്ഞു.
നവംബർ 25 ന് ശേഷം ജില്ലയിൽ ആദ്യ കോവിഡ് പോസിറ്റീവ് കേസാണ് കണ്ടെത്തുന്നതെന്ന് അധികൃതർ അറിയിച്ചു. ചൈന ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടി-പിസിആർ ടെസ്റ്റ് നിർബന്ധമാക്കുമെന്നും മെഡിക്കൽ ഓക്‌സിജൻ ഉൽപ്പാദന പ്ലാന്റുകൾ ഉൾപ്പെടെയുള്ള ആരോഗ്യ സൗകര്യങ്ങളുടെ സന്നദ്ധത ഉറപ്പാക്കാൻ ഡിസംബർ 27 ന് മോക്ക് ഡ്രിൽ നടത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യാഴാഴ്ച സംസ്ഥാനത്തെ കോവിഡ് -19 സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും പുതിയ കൊറോണ വൈറസ് വേരിയന്റ് നിരീക്ഷിക്കാനും പരിശോധന വേഗത്തിലാക്കാനും പുതിയ കേസുകളുടെ ജീനോം സീക്വൻസിംഗ് നടത്താനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.