കർഷക ക്ഷേമത്തിനായി അനുവദിച്ച 44,015.81 കോടി കേന്ദ്ര സർക്കാർ ചെലവാക്കിയില്ല എന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട്


കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള കൃഷി, കർഷക ക്ഷേമ വകുപ്പ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബജറ്റിന്റെ 44,015.81 കോടി രൂപ ചെലവാക്കാതെ തിരിച്ചടച്ചു എന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട്.
2020-21, 2021-22, 2022-23 കാലയളവിൽ യഥാക്രമം 23,824.54 കോടി രൂപ, 429.22 കോടി രൂപ, 19,762.05 കോടി രൂപ എന്നിങ്ങനെയാണ് ഫണ്ട് സറണ്ടർ ചെയ്തിരിക്കുന്നതെന്ന് വകുപ്പിന്റെ മറുപടിയിൽ നിന്നുള്ള കമ്മിറ്റി കുറിപ്പിൽ പറയുന്നു. . “അതായത് ആകെ 44,015.81 കോടി രൂപ ചെലവാക്കാതെ തിരികെ സർക്കാരിന് തന്നെ കൈമാറിയിട്ടുണ്ട്.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള പദ്ധതികളുടെ ആവശ്യകത കുറവായതിനാലാണ് മന്ത്രാലയം ഫണ്ട് സറണ്ടർ ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. എൻഇഎസ് (നോർത്ത് ഈസ്റ്റേൺ സ്റ്റേറ്റ്സ്), എസ്‌സിഎസ്‌പി (പട്ടികജാതി ഉപപദ്ധതി), ട്രൈബൽ ഏരിയ സബ്‌പ്ലാൻ (ടിഎഎസ്‌പി) ഘടകങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള കുറഞ്ഞ ആവശ്യകതയാണ് പ്രധാനമായും ഫണ്ട് സറണ്ടർ ചെയ്യുന്നതെന്ന് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.
ഫണ്ട് സറണ്ടർ ചെയ്യുന്ന സമ്പ്രദായം ഇനിമുതൽ എല്ലാ വിധത്തിലും ഒഴിവാക്കണമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. ഫണ്ടിന്റെ പൂർണ്ണമായ ഉപയോഗം വഴി സ്കീമുകളിൽ നിന്ന് ലഭിക്കുന്ന പ്രത്യക്ഷമായ നേട്ടങ്ങൾ ഏറ്റവും മികച്ച രീതിയിൽ താഴെ തട്ടുവരെ വ്യാപിക്കാൻ ഇത് സഹായിക്കും. അതിനാൽ, ഫണ്ട് സറണ്ടർ ചെയ്യുന്നതിലേക്ക് നയിക്കുന്ന കാരണങ്ങൾ കണ്ടെത്താനും ഫണ്ടുകൾ പൂർണ്ണമായും കാര്യക്ഷമമായും വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ തിരുത്തൽ നടപടികൾ കൈക്കൊള്ളാനും കമ്മിറ്റി വകുപ്പിനോട് ശുപാർശ ചെയ്യുന്നു