എഐ ക്യാമറ വിവാദം; കെൽട്രോണിനെതിരായ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു


ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി എഐ കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കെൽട്രോണിനെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി വ്യവസായ മന്ത്രി പി രാജീവ്. കെൽട്രോണിനെതിരായി ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചതായി മന്ത്രി അറിയിച്ചു.
സംഭവത്തിൽ കെൽട്രോണിനെ സംബന്ധിച്ച് തെറ്റായ കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും മികച്ച പൊതുമേഖല സ്ഥാപനമാണെന്നും പ്രതിരോധ , ഇലക്ടോണിക് മേഖലകളിൽ മികച്ച ഇടപെടൽ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിജിലൻസ് അന്വേഷണം കെൽട്രോണിനെതിരെയല്ല. ഉദ്യോഗസ്ഥനെതിരെയാണ്. ഉദ്യോഗസ്ഥനെതിരായ പരാതിയിൽ ഒന്ന് എഐ ക്യാമറയുമായി ബന്ധപ്പെട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.
എഐ കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം മാർച്ചിൽ തീരുമാനിച്ചതാണ്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്നത് പുകമറ സൃഷ്ടിക്കലാണ്. 100 ക്യാമറ 40 കോടിക്ക് 2013 ൽ സ്ഥാപിച്ചു.എല്ലാം പൊതു സമൂഹത്തിന് മുന്നിലുണ്ട്. മറച്ച് വെക്കാൻ ഒന്നുമില്ല. ഫെസിലിറ്റി മാനേജ്‌മെന്റ് എന്നത് മെയിന്റനൻസ് അല്ല. കെൽട്രോണിന് ഇതുവരെ പണം കൊടുത്തിട്ടില്ല. കൺട്രോൾ റൂമിൽ 140 പേരെ നിയമിച്ചിട്ടുണ്ട്. അവരുടെ ശമ്പളവും ഇതിൽ ഉൾപ്പെടും- രാജീവ് പറഞ്ഞു.
ഉപ കരാർ നൽകാമെന്ന് ടെണ്ടറിൽ പറഞ്ഞിട്ടുണ്ട്. ഉപകരാർ നൽകുന്നത് ഗതാഗത വകുപ്പ് അറിയണ്ടെന്നും മന്ത്രി വിശദീകരിച്ചു.ഉമ്മൻചാണ്ടി 100 ക്യാമറ സ്ഥാപിച്ചതിന് 40 കോടി ചെലവാക്കിയെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി രാജീവ് പറഞ്ഞു.