എഐ ക്യാമറ,കെ ഫോണ്‍ അഴിമതികൾ : ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കും: കെ സുധാകരന്‍
കോടികള്‍ കട്ടുമുടിക്കാന്‍ ആവിഷ്കരിച്ച എഐ ക്യാമറ,കെ.ഫോണ്‍ എന്നീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍ എം.പി .ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നത് ഭയം ഉള്ളത് കൊണ്ടാണ്.
ശരിയായി മാനദണ്ഡങ്ങള്‍ ലംഘിച്ച് കരാര്‍ നല്‍കിയതിന്‍റെ തെളിവുകള്‍ പുറത്ത് വന്നിട്ടും അതിന് മറുപടി പറയാതെ ഇരുട്ട് കൊണ്ട് ഓട്ടയടക്കാനാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മന്ത്രിമാരും ശ്രമിക്കുന്നത്. തെളിവുകളെ ദുരാരോപണങ്ങളായി ചിത്രീകരിച്ച് പുകമറ സൃഷ്ടിക്കാമെന്ന മുഖ്യമന്ത്രിയുടെ തന്ത്രം വിലപ്പോകില്ലെന്നും അദ്ദേഹം .പറഞ്ഞു.
പെറ്റിയടിച്ച് സാധാരണക്കാരായ ജനത്തെ പിഴിഞ്ഞ് സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ഇറങ്ങിയവരാണ് പിണറായി വിജയനും കൂട്ടരും. ജനത്തെ വെല്ലുവിളിച്ച് അടിമുടി അഴിമതിയില്‍ മുങ്ങിയ പദ്ധതി അതിവേഗം നടപ്പാക്കരുത്.അതിലെ സത്യാവസ്ഥ പുറത്തുവരുന്നത് വരെ പെറ്റി ഈടാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിക്കണം.ക്യാമറ, കെ.ഫോണ്‍ പദ്ധതികളുടെ മറവില്‍ കോടികള്‍ കമ്മീഷന്‍ ലഭിക്കുന്ന ഇടപാട് നടന്നെന്ന് പൊതുജനത്തിന് മനസിലായിട്ടുണ്ട്.
അതിന്‍റെ ജാള്യതയിലാണ് മുഖ്യമന്ത്രി, പ്രതിപക്ഷത്തിന്‍റെ ചോദ്യത്തില്‍ നിന്നും ഓടിഒളിക്കുന്നതും സിപിഎം നേതാക്കള്‍ വിടുവായത്തം വിളമ്പി കരാറുകളെ ന്യായീകരിക്കുന്നതും. അടിമുടി ക്രമക്കേടിലും അഴിമതിയിലും രൂപകല്‍പ്പന ചെയ്ത പദ്ധതി ഇടപാടിനെ ന്യായീകരിക്കുന്ന സിപിഎം നേതാക്കള്‍ വിഡ്ഢി വേഷം കെട്ടി സ്വയം പരിഹാസ്യരാവുകയാണ്.
കോണ്‍ഗ്രസ് പുറത്ത് വിട്ടത് വെറും ജലരേഖകളല്ല. കോണ്‍ഗ്രസിന്‍റെ ആരോപണങ്ങളെ ശരിവെയ്ക്കുന്നതാണ് ഉപകരാര്‍ ലഭിച്ച ലെെറ്റ് മാസ്റ്റേഴ്സ് ലെെറ്റിങ് ,അല്‍ഹിന്ദ് കമ്പനികളുടെ തുറന്ന് പറച്ചിലുകള്‍.ക്യാമറ പദ്ധതിയുടെ മുഴുവന്‍ ഉപകരണങ്ങളും വാങ്ങി സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണിയും ഉള്‍പ്പെടെ കെല്‍ട്രോണ്‍ 151 കോടിക്ക് എസ്.ആര്‍.ഐ.ടിക്ക് നല്‍കിയത്.
എന്നാല്‍ ഇത് നടപ്പാക്കാന്‍ യോഗ്യതയില്ലാത്ത ഇതേ കമ്പനി അതേ വ്യവസ്ഥകളോടെ ലെെറ്റ് മാസ്റ്റേഴ്സ് ലെെറ്റിങിന് 75 കോടിക്ക് പര്‍ച്ചേഴ്സ് ഓഡര്‍ നല്‍കിയതും ട്രോയ്സ് കമ്പനിക്ക് 57 കോടിയ്ക്ക് ഫിനാന്‍ഷ്യല്‍ പ്രപ്പോസല്‍ നല്‍കിയതും പുറത്ത് വന്ന രേഖകളില്‍ നിന്ന് വ്യക്തമാണ്.അഴിമതിയില്‍ മുങ്ങിയ മഞ്ഞുമലയുടെ അറ്റംമാത്രമാണ് ഇപ്പോള്‍ പുറത്ത് വന്ന രേഖകള്‍.നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമെ കൂടുതല്‍ സത്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കൂയെന്നും സുധാകരന്‍ പറഞ്ഞു.