തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയ്ക്കെതിരെ പ്രമേയം പാസാക്കി എഐഎഡിഎംകെ
തമിഴ്‌നാട്ടിലെ ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയ്ക്കെതിരെ പ്രമേയം പാസാക്കി
എഐഎഡിഎംകെ . മുന്‍ മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിതയ്ക്കെതിരെ പരോക്ഷമായ ആക്ഷേപം ഉന്നയിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി.
‘അണ്ണാമലൈ നടത്തിയ പരാമര്‍ശങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഗൂഢലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്’ പ്രതിപക്ഷ നേതാവും എഐഎഡിഎംകെ അധ്യക്ഷനുമായ കെ പളനിസ്വാമി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ അംഗീകരിക്കാനാകില്ലെന്നും ഇത് എഐഎഡിഎംകെയുടെ പ്രവര്‍ത്തകരെ വേദനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അന്തരിച്ച എഐഎഡിഎംകെ അധ്യക്ഷ ജയലളിതയെ അണ്ണാമലൈ പരോക്ഷമായി വിമര്‍ശിച്ചത്. സംസ്ഥാനത്തെ പൊതുഖജനാവില്‍ നിന്നും കബളിപ്പിച്ച് പണം നേടിയ ഏത് സര്‍ക്കാരിനെയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘തമിഴ്നാട്ടിലെ പല ഭരണസംവിധാനങ്ങളും അഴിമതി നിറഞ്ഞതായിരുന്നു. മുന്‍ മുഖ്യമന്ത്രിമാര്‍ കോടതിയില്‍ ശിക്ഷിക്കപ്പെട്ടവരാണ്. അതുകൊണ്ടാണ് തമിഴ്‌നാട് ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനങ്ങളിലൊന്നായി മാറിയത്. അഴിമതിയില്‍ ഒന്നാം സ്ഥാനത്താണ് തമിഴ്‌നാടെന്ന് ഞാന്‍ പറയും.’ ജയലളിത അധികാരത്തിലിരുന്ന 1991-96 കാലഘട്ടം അഴിമതിയുടെ കാര്യത്തില്‍ ഏറ്റവും മോശം കാലഘട്ടങ്ങളിലൊന്നാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് അണ്ണാമലൈ ഇക്കാര്യം പറഞ്ഞത്.