വിമാനത്തിൽ മൂത്രമൊഴിച്ച കേസ്: എയര്‍ ഇന്ത്യയ്ക്ക് പിഴ 30 ലക്ഷം; പൈലറ്റിന്റെ ലൈസന്‍സ് 3 മാസത്തേക്ക് റദ്ദാക്കി
യുഎസിലെ ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വെച്ച് യാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് സഹ യാത്രികൻ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. ചട്ടലംഘനത്തിനും പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയതിനാണ് പിഴ ചുമത്തിയത്.
ഇതുപുറമെ വിമാന സര്‍വീസുകളുടെ ഡയറക്ടര്‍ വസുധ ചന്ദ്രയ്ക്ക് മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി. കൂടാതെ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഈ നവംബർ 26 നാണ് ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന ശങ്കർ മിശ്ര, ബിസിനസ് ക്ലാസിലെ സഹയാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്.
എന്നാൽ സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബ ജീവിതത്തെ ബാധിക്കുമെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. ദിവസങ്ങൾക്ക് ശേഷമാണ് എയർ ഇന്ത്യ യാത്രക്കാരിയുടെ പരാതി പൊലീസിന് കൈമാറിയത്.