രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം വീണ്ടും രൂക്ഷമാകുന്നു


ദില്ലി: രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം വീണ്ടും രൂക്ഷമാകുന്നു. ദില്ലിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 400 കടന്നു.
ശ്വാസകോശത്തെ ബാധിക്കുന്ന മലിന കണികകളുടെ എണ്ണം ദില്ലിയിലെ വായുവില്‍ അനുവദനീയമായതിന്റെ എട്ട് ഇരട്ടിയായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വായു ഗുണനിലവാര സൂചിക നൂറ് കടന്നാല്‍ മലിനീകരണ തോത് കൂടുതല്‍ ആണെന്ന് അര്‍ത്ഥം. 200 ന് മുകളില്‍ മോശം, 300 ന് മുകളിലെത്തിയാല്‍ വളരെ മോശം, നാനൂറ് കടന്നാല്‍ ഗുരുതരമാണ് സാഹചര്യം.
നഗരത്തില്‍ എട്ടിടങ്ങളില്‍ അഞ്ഞൂറിനോട് അടുക്കുകയാണ് സൂചിക.വിവേക് വിഹാറില്‍ 457,രോഹിണിയില്‍ 462,ബവാനയിലും, നരേലയിലും, അശോക് വിഹാറിലും 465, വസീര്‍പൂരില്‍ 467, ജഹാംകീര്‍പൂരില്‍ 475 സോണിയ വിഹാറില്‍ 469 ഉം ആണ് വായു ഗുണനിലവാരത്തിന്‍റെ നിലവിലെ സ്ഥിതി. അതേസമയം രാജ്യ തലസ്ഥാനത്ത് കഴിയുന്നവര്‍ വിഷപ്പുകയ്ക്കിടയില്‍ ശ്വാസം മുട്ടുമ്ബോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴി പറയുകയാണ്.
മലിനീകരണം താരതമ്യേന കുറഞ്ഞ വര്‍ഷമെന്നായിരുന്നു തുടക്കത്തില്‍ വിലയിരുത്തപ്പെട്ടത്. എന്നാല്‍ അയല്‍സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് കുത്തനെ കൂടിയത് സ്ഥിതി പഴയപടിയാകാന്‍ കാരണമായി. പഞ്ചാബില്‍ കാര്‍ഷിക അവശിഷ്ടം കത്തിക്കുന്നതിന്‍റെ നിരക്ക് 12 ശതമാനം ആയരുന്നെങ്കില്‍ ഇത്തവണ 22 ശതമാനമായി. കാര്‍ഷിക അവശിഷ്ടം കത്തിക്കുന്നത് തടയാനായി ബജറ്റില്‍ നീക്കി വച്ച 200 കോടി രൂപ കൊണ്ട് ഒരു ഗുണവുമുണ്ടായില്ലെന്ന് വ്യക്തം. നേരത്തെ പഞ്ചാബിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഭരണം ആം ആദ്മിയുടെ കൈയിലെത്തിയതോടെ മൗനത്തിലുമാണ്.
ദീപാവലിയും പഞ്ചാബിലും ഹരിയാനയിലും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് വര്‍ധിച്ചത് വായ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് ദില്ലിയില്‍ വിലക്കിയെങ്കിലും പലരും ദില്ലിക്ക് പുറത്ത് നിന്ന് പടക്കമെത്തിച്ച് പൊട്ടിക്കുന്ന സ്ഥിതിയുണ്ടായി. ദീപവലിക്ക് പിന്നാലെ ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായിരുന്നു.