കര്‍ണാടക ഗവര്‍ണറെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തില്‍ രണ്ട് ജീവനക്കാരെ കൂടി എയര്‍ ഏഷ്യ സസ്‍പെന്റ് ചെയ്തു

single-img
3 August 2023

ബംഗളുരു: കര്‍ണാടക ഗവര്‍ണറെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തില്‍ രണ്ട് ജീവനക്കാരെ കൂടി എയര്‍ ഏഷ്യ സസ്‍പെന്റ് ചെയ്തു. ജൂലൈ 27ന് ബംഗളുരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യാന്‍ ബംഗളുരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഗവര്‍ണറെ കയറ്റാതെ വിമാനം പുറപ്പെട്ടുവെന്ന പരാതിയിലാണ് നടപടി. ബോര്‍ഡിങ് ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ജീവനക്കാരിയെയും റാമ്പില്‍ ചുമതലയിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനെയുമാണ് ജോലിയില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് 30 ദിവസത്തേക്ക് മാറ്റി നിര്‍ത്തിയത്. എയര്‍പോര്‍ട്ട് സ്റ്റേഷന്‍ മാനേജറെ നേരത്തെ തന്നെ കമ്പനി സസ്‍പെന്റ് ചെയ്തിരുന്നു.

ഉച്ചയ്ക്ക് 2.02ന് ബംഗളുരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഏഷ്യയുടെ l5 972 വിമാനത്തിലാണ് ഗവര്‍ണര്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. നൂറിലധികം യാത്രക്കാര്‍ നേരത്തെ തന്നെ വിമാനത്തില്‍ കയറിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ 2.07നാണ് വിമാനത്താവളത്തില്‍ എത്തിയതെന്നാണ് ജീവനക്കാര്‍ പറയുന്നത്. പുറപ്പെടേണ്ട സമയം കഴിഞ്ഞിരുന്നതിനാല്‍ അദ്ദേഹത്തെ കയറ്റാതെ വിമാനം പുറപ്പെടുകയായിരുന്നുവെന്നാണ് ജീവനക്കാരുടെ വാദം.

എന്നാല്‍ നേരത്തെ തന്നെ ഗവര്‍ണര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നുവെന്നും ജീവനക്കാര്‍ തമ്മിലുള്ള ആശയ വിനിമയത്തില്‍ വന്ന വീഴ്ചയാണ് ഗവര്‍ണറെ കയറ്റാതെ വിമാനം പുറപ്പെടാന്‍ കാരണമായതെന്ന് രാജ്ഭവന്‍ ആരോപിച്ചു. സംഭവത്തില്‍ രാജ്ഭവന്‍ അധികൃതര്‍ വിമാനക്കമ്പനിക്കും സിവില്‍ വ്യോമയാന മന്ത്രാലയത്തിനും പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ എയര്‍ ഏഷ്യ ഉദ്യോഗസ്ഥര്‍ ഗവര്‍ണറെ നേരിട്ട് കണ്ട് ഖേദം പ്രകടിപ്പിക്കുകയും എയര്‍പോര്‍ട്ട് സ്റ്റേഷന്‍ മാനേജര്‍ക്കെതിരെ നടപടിയെടുത്തതായി അറിയിക്കുകയും ചെയ്തു. രണ്ട് ജീവനക്കാര്‍ക്കെതിരെ കൂടി നടപടി സ്വീകരിച്ചുവരികയാണെന്നും അന്ന് ഗവര്‍ണറെ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ട് പേരെക്കൂടി സസ്‍പെന്റ് ചെയ്തത്. എന്നാല്‍ എയര്‍ ഏഷ്യ ഔദ്യോഗികമായി ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.