ജപ്പാനില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ചു; അഞ്ചുപേരെ കാണാതായി
ജപ്പാനിലെ ടോക്കിയോയിലെ ഹനേദ എയര്‍പോര്‍ട്ടില്‍ ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് വിമാനവും യാത്രാ വിമാനവും തമ്മിൽ കൂട്ടിയിടിച്ചു തീപിടിച്ചു. യാത്രക്കാരുമായി വന്ന വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് കോസ്റ്റ് ഗാര്‍ഡ് വിമാനവുമായി കൂട്ടിയിടിച്ചത്. പിന്നാലെ വിമാനം അഗ്നിക്കിരയായി. ഷിന്‍ ചിറ്റോസ് വിമാനത്താവളത്തില്‍ നിന്ന് എത്തിയ എ-350 ജെഎഎല്‍ 516 എയര്‍ബസ് വിമാനമാണ് അഗ്നിക്കിരയായത്.
അപകട സാമ്യം വിമാനത്തിൽ ഉണ്ടായിരുന്ന 379 പേരേയും പുറത്തെത്തിച്ചു. എന്നാല്‍, കോസ്റ്റ് ഗാര്‍ഡ് വിമാനത്തിലുണ്ടായിരുന്ന ആറുപേരില്‍ അഞ്ചുപേരെ കണ്ടെത്താനായില്ല എന്നാണ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരിക്കുന്നത്. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ജെഎഎല്‍ 516 വിമാനമാണ് അഗ്നിക്കിരയായത്. ഭൂമികുലുക്കത്തില്‍ പെട്ടവര്‍ക്കുവേണ്ടിയുള്ള സഹായ സാധനങ്ങളുമായി സപ്പോറോ എയര്‍പോര്‍ട്ടില്‍ നിന്ന് എത്തിയതായിരുന്നു കോസ്റ്റ് ഗാര്‍ഡ് വിമാനം.
അതേസമയം കൂട്ടിയിടി ഉണ്ടായോ എന്ന് വ്യക്തമല്ലെന്നും വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്നും കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ വാര്‍ത്താഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. അഗ്നിശമനസേന തീ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും വിമാനത്തിന്റെ ജനാലകളില്‍ക്കൂടി തീജ്വാല പുറത്തുവരുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.