വിവാഹം കഴിക്കില്ലെന്ന് വീട്ടുകാരോട് പറഞ്ഞെങ്കിലും അവർ വിശ്വസിച്ചിട്ടില്ല; ഐശ്വര്യ ലക്ഷ്മി പറയുന്നു
മലയാളത്തിലും തമിഴിലും താരമായ ഐശ്വര്യ ലക്ഷ്മിയോട് പലപ്പോഴും അഭിമുഖങ്ങളിൽ വിവാഹത്തെ കുറിച്ച് ചോദ്യങ്ങൾ ഉണ്ടാവാറുണ്ട്. അടുത്തകാലത്തായി ഒരു അഭിമുഖത്തിൽ തനിക്ക് വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് ഐശ്വര്യ പറഞ്ഞിരുന്നു. ജീവിതത്തിൽ ഒരു പങ്കാളി വേണമെന്നുണ്ട്. എന്നാൽ നിയമപരമായി വിവാഹം കഴിച്ചതിലൂടെ മാത്രമേ അതിന് സാധിക്കൂ എന്ന് താൻ ചിന്തിക്കുന്നില്ലെന്നുമാണ് ഐശ്വര്യ പറഞ്ഞത്.
ഇത്തരത്തിൽ നിയമപരമായി വിവാഹം കഴിച്ചതിന് ശേഷം പിരിയുമ്പോഴുള്ള നിയമ നടപടികളോടും കൗൺസിലിംഗിനോടുമൊന്നും തനിക്ക് താൽപര്യമില്ലെന്നും അതുകൊണ്ടാണ് വിവാഹം വേണ്ടെന്ന തീരുമാനത്തിലേക്ക് താൻ എത്തിയതെന്നും നടി പറയുന്നു. ഈ കാര്യം താൻ തന്റെ വീട്ടുകാരോട് പറഞ്ഞെങ്കിലും അവർ ആ കാര്യം വിശ്വസിച്ചിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞു.
തമിഴ് വിനോദ മാസികയായ സിനിമ വികടന് നൽകിയ ഒരു അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യങ്ങൾ പറഞ്ഞത്. ഐശ്വര്യയുടെ വാക്കുകൾ ഇങ്ങിനെ: ‘ഒരു വിഹാഹം കഴിക്കണമെന്ന ഐഡിയ എനിക്ക് ഇല്ല. അതിനാൽ തന്നെ വിവാഹത്തിന് ശേഷം വിവാഹത്തിന് മുമ്പ് എന്ന കൺസെപ്റ്റ് ഒന്നും എനിക്ക് ഇല്ല. ഒരു പാർട്ട്ണർ വേണം എന്നൊക്കെയുണ്ട്.
എന്നാൽ അത് നിയമപരമായി വിവാഹം കഴിച്ചിട്ട് മാത്രമായിരിക്കണം എന്നൊന്നും ഞാൻ ചിന്തിക്കുന്നില്ല. ഒരു ഉദാഹരണം പറഞ്ഞാൽ , കല്യാണത്തിന് ശേഷം സന്തോഷവും സമാധാനവും ലഭിക്കുന്നില്ലെന്ന് വെക്കുക. അതിപ്പോൾ ഭർത്താവിനും സമാധാനം കിട്ടാത്ത അവസ്ഥ വരാം. ആ സാഹചര്യത്തിൽ രണ്ട് പേരും പിരിയണം എന്ന തീരുമാനമെടുക്കുന്നു. പെട്ടെന്ന് പിരിയണം എന്നല്ല ഞാൻ പറയുന്നത്. ജീവിച്ച് നോക്കണം, തീരെ പറ്റുന്നില്ലെന്ന് തോന്നിയാൽ പിരയണമെന്നാണ് ഞാൻ പറയുന്നത്.
നമ്മുടെ നാട്ടിൽ ആ സമയത്ത് ഒരുപാട് നിയമ നടപടികൾ, ആറ് മാസത്തെ കൗൺസിലിങ്ങ് എന്നിങ്ങനെ പല കാര്യങ്ങളുമുണ്ട്. അങ്ങിനെ ചെയ്യാനുള്ള കാരണം എനിക്ക് മനസിലാകും. പക്ഷെ എന്റെ ലൈഫിൽ അത് വേണ്ട. അതിനാൽ തന്നെ വിവാഹം വേണ്ടെന്ന് ഞാൻ തീരുമാനിച്ചു. ഞാൻ ഈ കാര്യങ്ങൾ എന്റെ വീട്ടിലും പറഞ്ഞതാണ്. പക്ഷെ അമ്മയും അച്ഛനും വിശ്വസിച്ചിട്ടില്ല. അതുകൊണ്ടാണ് ഞാൻ ക്യമാറക്ക് മുന്നിൽ വന്ന് എനിക്ക് കല്യാണം വേണ്ടെന്ന് എടുത്തു പറയുന്നത്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.