ദേശീയ സുരക്ഷ ഉപദേഷ്ടാവിന്‍റെ പദവിയില്‍ അജിത് ഡോവലിന് മൂന്നാം ഊഴം


പുതിയ മന്ത്രിസഭാ അധികാരമേറ്റ പിന്നാലെ ദേശീയ സുരക്ഷ ഉപദേഷ്ടാവിനെയും, പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും നിലനിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷ ഉപദേഷ്ടാവിന്‍റെ പദവിയില്‍ അജിത് ഡോവലിന് ഇത് മൂന്നാം ഊഴമാണ്.
കഴിഞ്ഞ മന്ത്രി സഭ മുതല്‍ പി കെ മിശ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. പികെ മിശ്രയെയും മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിലനിര്‍ത്തിയിട്ടുണ്ട്. തുടർച്ചയായ മൂന്നാംതവണയും ദേശീയ സുരക്ഷാ ഉപദേഷ്ടായി നിയമിക്കപ്പെട്ടതിന് പിന്നാലെ അജിത് ഡോവല്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി.
വിരമിച്ച മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ അമിത് ഖരെ, തരുൺ കപൂർ എന്നിവരെ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളായും നിയമിച്ചിട്ടുണ്ട്. അതേസമയം , ജമ്മുകശ്മീരിലെ സുരക്ഷ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. മൂന്ന് ദിവസത്തിനിടെ തുടർച്ചയായി നാല് തവണ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെയാണ് അമിത് ഷാ ഉള്‍പ്പെടെ ഉള്ളവരുമായി മോദി ചർച്ച നടത്തിയത്.