കോണ്‍ഗ്രസിന്റെ നിര്‍ജീവിതക്കുള്ള ഉദാഹരണമാണ് എകെ ആന്റണി: എംഎൻ കാരശ്ശേരി
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ കെ ആന്റണിക്കെതിരെ വിമര്‍ശനവുമായി പ്രമുഖ സാമൂഹിക-രാഷ്ട്രീയ നിരീക്ഷകന്‍ എം എന്‍ കാരശ്ശേരി. കോണ്‍ഗ്രസിന്റെ നിര്‍ജീവിതയ്ക്കുള്ള ഉദാഹരണമാണ് എകെ ആന്റണിയെന്ന് കാരശ്ശേരി അഭിപ്രായപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മകനുമായ അനില്‍ ആന്റണിക്കെതിരെ എ കെ ആന്റണി പ്രചരണത്തിന് ഇറങ്ങണമെന്നും കാരശ്ശേരി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ പ്രചരണത്തിന് പോയില്ലെങ്കിലും ആന്റണി പത്തനംതിട്ടയില്‍ മാത്രം പോകണം, അതിന്റെ ഇഫക്ട് 20 മണ്ഡലത്തിലും പ്രതിഫലിക്കുമെന്ന് കാരശ്ശേരി പറഞ്ഞു.
‘നേതാവാണോ എ കെ ആന്റണി. പത്തനംതിട്ടയില്‍ അനില്‍ ആന്റണി മത്സരിക്കുമ്പോള്‍ അദ്ദേഹം അവിടെ പോയി പ്രസംഗിക്കണ്ടേ. ഇവിടുത്തെ ഗാന്ധിയനാണ് ആന്റണി. കള്ളുകുടിക്കില്ല. പുകവലിക്കില്ല, ഇറച്ചിയും മീനും കഴിക്കില്ല. ഇതൊക്കെ ശരിയാണ്. 28 വര്‍ഷം രാജ്യസഭാ എംപിയായിരുന്നയാളാണ് എ കെ ആന്റണി.
കോണ്‍ഗ്രസില്‍ നിന്നും കിട്ടാവുന്നതെല്ലാം കിട്ടി. പ്രധാനമന്ത്രിയായില്ലന്നേയുള്ളൂ. എന്നിട്ട് കോണ്‍ഗ്രസിന് വേണ്ടി എന്താണ് അദ്ദേഹം ചെയ്തത്. കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങണ്ടേ? മകന്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുമ്പോള്‍ എ കെ ആന്റണി കോണ്‍ഗ്രസിന് വേണ്ടി ഇറങ്ങണം. 20 ലോക്‌സഭാ മണ്ഡലത്തിലും പോകണ്ട. ഒറ്റ മണ്ഡലത്തില്‍ പോയാല്‍ മതി. അതിന്റെ എഫക്ട് 20 മണ്ഡലങ്ങളിലും ഉണ്ടാവും.’ ഒരു ചാനലിനോട് സംസാരിക്കവെ എം എന്‍ കാരശ്ശേരി പറഞ്ഞു .