സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്നും പങ്ക്, പാര്‍ട്ടി രഹസ്യങ്ങള്‍ ആകാശിന് ചോര്‍ത്തുന്നു;ഡിവൈഎഫ്‌ഐ നേതാവ് ഷാജറിനെതിരെ അന്വേഷണം

single-img
22 February 2023

സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്നും ലാഭവിഹിതമായി സ്വര്‍ണ്ണം കൈപ്പറ്റി, ആകാശ് തില്ലങ്കേരിക്ക് പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്നു എന്നീ പരാതികളില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണം.

ആകാശും ഷാജറും സംസാരിക്കുന്ന ഓഡിയോ തെളിവ് സഹിതം ജില്ല കമ്മറ്റിയംഗം മനു തോമസ് നല്‍കിയ പരാതി അന്വേഷിക്കുന്നത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രനാണ്. പരാതിക്കാരനില്‍ നിന്ന് അന്വേഷണ കമ്മീഷന്‍ മൊഴിയെടുത്തു.

ആകാശ് തില്ലങ്കേരിക്കെതിരെ ഞങ്ങള്‍ നിലപാട് വ്യക്തമാക്കിയെന്നും മാധ്യമങ്ങള്‍ ഇവിടെ ഈ വിഷയം അവസാനിപ്പിച്ചേക്കണം എന്നും താക്കീത് ചെയ്തായിരുന്നു തില്ലങ്കേരിയിലെ പൊതുയോഗത്തില്‍ ഡിവൈഎഫ്‌ഐ യുവ നേതാവ് എം ഷാജറുടെ കത്തിക്കയറിയ പ്രസംഗം. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവുമായ ഇതേ ഷാജറിനെതിരെ പാര്‍ട്ടി ഒരു അന്വേഷണം നടത്തുന്നുണ്ട്. കണ്ണൂരിലെ സ്വര്‍ണക്കടത്ത് സംഘളില്‍ നിന്നും ലാഭവിഹിതമായി സ്വര്‍ണ്ണം കൈപ്പറ്റി, ആകാശ് തില്ലങ്കേരിയുമായി അടുത്തബന്ധം പുലര്‍ത്തുന്നു, പാര്‍ട്ടി ചര്‍ച്ചകള്‍ ആകാശിന് ചോര്‍ത്തിക്കൊടുക്കുന്നു എന്നിവയൊക്കെയാണ് ജില്ലാ കമ്മറ്റിയില്‍ പരാതിയായി എത്തിയത്. ആകാശുമായി ഷാജര്‍ സംസാരിക്കുന്ന വാട്സാപ് ഓ‍ഡിയോയുടെ പകര്‍പ്പ് അടക്കം പരാതി നല്‍കിയത് ഷാജര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ആയിരുന്ന മനു തോമസ്. അന്വേഷണം നടക്കുന്ന വിഷയമായതിനാല്‍ പാര്‍ട്ടിയോട് ആലോചിക്കാതെ മറുപടി പറയാനാകില്ല എന്നായിരുന്നു മനു തോമസിന്റെ പ്രതികരണം.

ആകാശിന്റെ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തെ അമര്‍ച്ച ചെയ്യാന്‍ ഡിവൈഎഫ്‌ഐയില്‍ മുന്‍കൈയെടുത്തയാള്‍ മനു തോമസായിരുന്നു. അതോടെ ആകാശും കൂട്ടാളികളും മനുവിനെതിരെ സൈബര്‍ ആക്രമണം തുടങ്ങി. ഇതിന് പിന്നില്‍ ചരടുവലിച്ചതും ഈ സംഘങ്ങളുമായി അടുപ്പം പുലര്‍ത്തുന്ന ഷാജറാണെന്ന് മനസിലായതോടെയാണ് കഴിഞ്ഞ വര്‍ഷം ആദ്യം മനു തോസ് ജില്ലാ നേതൃത്വത്തിന് തെളിവടക്കം പരാതി നല്‍കിയത്.


ജില്ലാ നേതൃത്വം പരാതി പൂഴ്ത്തി. സംസ്ഥാന കമ്മറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖ സംബന്ധിച്ച്‌ എംവി ഗോവിന്ദന്‍ ഉള്‍പെടെ പങ്കെടുത്ത് കഴിഞ്ഞ മാസം നടത്തിയ ജില്ലാ കമ്മറ്റി ചര്‍ച്ചയില്‍ മനു ഈ വിഷയം വീണ്ടും ഉന്നയിച്ചു. അതോടെയാണ് ഷാജറിനെതിരായ ഗുരുതര ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ജില്ല സെക്രട്ടറിയേറ്റ് അംഗമായ എം സുരേന്ദ്രനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്. ഷാജറിനായി സ്വര്‍ണ്ണം കൊണ്ടുവരാന്‍ ചെറുപുഴയില്‍ പോയ പാര്‍ട്ടി ഓഫീസ് ഭാരവാഹിയില്‍ നിന്നും പരാതിക്കാരന്‍ മനു തോമസില്‍ നിന്നും എം സുരേന്ദ്രന്‍ വിശദമായ മൊഴി രേഖപ്പെടുത്തി എന്നാണ് വിവരം.