നിങ്ങള്‍ നല്‍കുന്ന ചായയില്‍ വിഷം കലര്‍ന്നാല്‍ എന്ത് ചെയ്യും; യുപി പോലീസ് നല്‍കിയ ചായ നിരസിച്ച് അഖിലേഷ് യാദവ്
യുപിയിൽ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ മനീഷ് ജഗന്‍ അഗര്‍വാളിനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ അഖിലേഷ് യാദവ് ലഖ്നൗവിലെ പോലീസ് ആസ്ഥാനത്തെത്തിയിരുന്നു . ഇവിടെനിന്നും പോലീസുകാര്‍ നല്‍കിയ ചായ കുടിയ്ക്കാന്‍ അഖിലേഷ് വിസമ്മതിച്ചു.
തനിക്ക് യുപി പോലീസില്‍ വിശ്വാസമില്ലെന്നും പോലീസ് നല്‍കിയ ചായയില്‍ വിഷം കലര്‍ത്തിയിട്ടില്ലെന്ന് എന്താണ് ഉറപ്പെന്നും അഖിലേഷ് പറഞ്ഞു. ‘നിങ്ങള്‍ നൽകുന്ന ചായ ഞാന്‍ കുടിക്കില്ല. ആവശ്യമെങ്കിൽ ഞാന്‍ പുറത്തുനിന്നും കൊണ്ടുവരും. അല്ലെങ്കില്‍ സ്വന്തമായി ഉണ്ടാക്കും. നിങ്ങള്‍ നല്‍കുന്ന ചായയില്‍ വിഷം കലര്‍ന്നാല്‍ എന്ത് ചെയ്യും, എനിക്ക് നിങ്ങളെ വിശ്വാസമില്ല’ -അഖിലേഷ് പറഞ്ഞു.
അതേസമയം, എസ് പി നേതാവായ മനീഷ് ജഗന്‍ അഗര്‍വാളിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വാമി പ്രസാദ് മൗര്യയുടെ നേതൃത്വത്തില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ യുപി ഡിജിപി ഹെഡ് ഓഫീസിന്റെ ഗേറ്റിന് പുറത്ത് പ്രതിഷേധിച്ചു. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ ട്വിറ്ററില്‍ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിനാണ് മനീഷ് ജഗന്‍ അഗര്‍വാളിനെ ലഖ്നൗ പോലീസ് അറസ്റ്റ് ചെയ്തത്.