യുപിയിലെ മെയിന്‍പുരി ഉപതിരഞ്ഞെടുപ്പ്: അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് എസ് പി സ്ഥാനാര്‍ത്ഥി

single-img
10 November 2022

യുപിയിലെ മെയിന്‍പുരി ലോക്സഭ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ സമാജ് വാദി പാര്‍ട്ടി (SP) പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയും മുന്‍ എംപിയുമായ ഡിംപിള്‍ യാദവ്തി രഞ്ഞെടുപ്പില്‍ മത്സരിക്കും.

നേരത്തെ മുലായം സിംഗ് യാദവിന്റെ മരണത്തെ തുടര്‍ന്ന് ഈ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. അനേക വര്ഷങ്ങളായി യാദവ് കുടുംബമാണ് മെയിന്‍പുരി സീറ്റില്‍ ജയിച്ചു വരുന്നത്. മുലായം സിംഗ് യാദവിന്റെ രാഷ്ട്രീയ പാരമ്പര്യം ഇനി ഡിംപിള്‍ യാദവ് നിറവേറ്റുമെന്ന് എസ്പി പറഞ്ഞു.

2009ല്‍ അഖിലേഷ് യാദവ് ഫിറോസാബാദ് സീറ്റ് വിട്ടുമാറിയപ്പോള്‍ 44കാരിയായ ഡിംപിള്‍ യാദവിനെ മത്സര രംഗത്തേക്ക് ഇറക്കിയിരുന്നു. ഡിംപിള്‍ യാദവിന്റെ ആദ്യ തിരഞ്ഞെടുപ്പ് മത്സരമായിരുന്നു ഇത്. ഈ ഉപതിരഞ്ഞെടുപ്പില്‍ ഡിംപിള്‍ യാദവിന് പ്രശസ്ത നടനും രാഷ്ട്രീയക്കാരനുമായ രാജ് ബബ്ബറിനോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

പിന്നീട് 2012-ല്‍ കനൗജ് ലോക്സഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഡിംപിള്‍ യാദവ് എതിരില്ലാതെ വിജയിച്ചു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാവട്ടെ ഡിംപിള്‍ യാദവ് കനൗജില്‍ നിന്ന് മത്സരിച്ച് വിജയിച്ചെങ്കിലും 2019ല്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.