അക്ഷയ് കുമാര്‍ വീണ്ടും ചരിത്ര കഥാപാത്രമായി വെള്ളിത്തിരയിലെത്തുന്നു

single-img
7 December 2022

കൊവിഡ് കാലം ലോകമാകെ വലിയ ക്ഷീണമേല്‍പ്പിച്ച മേഖലകളില്‍ ഒന്ന് സിനിമാ വ്യവസായമായിരുന്നു. മലയാളം ഉള്‍പ്പടെയുള്ള സിനിമകള്‍ ഒടിടി റിലീസുകളിലൂടെ ഇന്റസ്ട്രിയില്‍ പിടിച്ചു നിന്നു.

മഹാമാരിക്കാലം ഏല്‍പ്പിച്ച വലിയ ആഘാതത്തില്‍ നിന്ന് വിവിധ ഭാഷാ ചിത്രങ്ങള്‍ കരകയറി ബഹുദൂരം മുന്നിലെത്തിയിട്ടും അതിനു കഴിയാത്ത ഒരു മേഖല ബോളിവുഡ് മാത്രമായിരുന്നു. ബിഗ് ബജറ്റ്, മുന്‍നിര നായക ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് വന്‍ പരാജയമാണ് ബോക്സ് ഓഫീസില്‍ നേരിടേണ്ടി വന്നത്. എന്നാല്‍ ദൃശ്യം 2 വിന്റെ ഹിന്ദി പതിപ്പ് എത്തിയതോടെ ബോളിവുഡിന് വന്‍ ആശ്വാസമായി. തിരിച്ചുവരവിന് ഒരുങ്ങുന്ന ബോളിവുഡിലെ പുതിയ ചര്‍ച്ചാ വിഷയം അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ‘വേദാന്ത് മറാത്തേ വീര്‍ ദൗദലേ സാത്ത്’ എന്ന ചിത്രമാണ്.

അക്ഷയ് കുമാര്‍ വീണ്ടും ചരിത്ര കഥാപാത്രമായി വെള്ളിത്തിരയിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഛത്രപതി ശിവജി മഹാരാജിനെയാണ് ഇക്കുറി അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്കിന് പിന്നാലെ ചര്‍ച്ചകള്‍ സജീവമാകുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ ചിത്രങ്ങളുടെ ദയനീയ പരാജയങ്ങള്‍ ആണ് അതിന് കാരണം.

ഛത്രപതി ശിവജി മഹാരാജിനെ അവതരിപ്പിച്ചെങ്കിലും ഇത്തവണ അക്ഷയ് കുമാര്‍ ബോക്സ് ഓഫീസില്‍ പിടിച്ചു നില്‍ക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. ഫസ്റ്റ് ലുക്കിലെ മിസ്റ്റേക്കുകളും ട്വിറ്റര്‍ ഉപയോക്താക്കള്‍ എടുത്തു കാണിക്കുന്നുണ്ട്. ഫസ്റ്റ് ലുക്കില്‍ ലൈറ്റ് ഉള്‍പ്പെടുത്തിയത് മോശമായി പോയെന്നാണ് പ്രേക്ഷക അഭിപ്രായം. 1674 മുതല്‍ 1680 വരെ ശിവാജി മഹാരാജ് ഭരിച്ചത്.1880-ല്‍ തോമസ് എഡിസണ്‍ ലൈറ്റ് ബള്‍ബ് കണ്ടുപിടിച്ചു. ഛത്രപതി ശിവജിയുടെ കൊട്ടാരത്തില്‍ ബള്‍ബുണ്ടോ എന്ന് ചോദിച്ചാണ് അക്ഷയ് കുമാര്‍ ചിത്രത്തെ സോഷ്യല്‍ മീഡിയ ട്രോളുന്നത്.

ഇതിന് മുന്‍പ് സാമ്രാട്ട് പൃഥ്വിരാജ് എന്ന പിരിയഡ് ഡ്രാമയുമായി അക്ഷയ് കുമാര്‍ എത്തിയിരുന്നു. ടൈറ്റില്‍ റോളില്‍ അക്ഷയ് എത്തിയ ചിത്രം തിയറ്ററുകള്‍ വലിയ പരാജിയമാണ് നേരിട്ടത്. രക്ഷാ ബന്ധന്‍, രാം സേതു എന്നിവയാണ് സാമ്രാട്ട് പൃഥ്വിരാജിന് ശേഷം റിലീസ് ചെയ്ത മറ്റ് അക്ഷയ് കുമാര്‍ ചിത്രങ്ങള്‍. ഇവയ്ക്കും ബോക്സ് ഓഫീസിലും തിയറ്ററുകളിലും പിടിച്ചു നില്‍ക്കാനായിരുന്നില്ല. ദയനീയ പരാജയങ്ങള്‍ തന്നെ ഈ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇറങ്ങിയ ‘ബെല്‍ ബോട്ടം’ എന്ന സിനിമയും ഫ്ലോപ്പായിരുന്നു. ഈ കാലയളവില്‍ താരത്തിന്റെ ഒരേയൊരു ഹിറ്റ് ചിത്രം ‘സൂര്യവംശി’ മാത്രമാണ്. 2021 നവംബറിലായിരുന്നു ഈ ചിത്രം തിയറ്ററുകളില്‍ എത്തിയത്.

മഹേഷ് മഞ്‍ജരേക്കറാണ് ‘വേദാന്ത് മറാത്തേ വീര്‍ ദൗദലേ സാത്ത്’ സംവിധാനം ചെയ്യുന്നത്. മറാഠിക്ക് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. അടുത്ത വര്‍ഷം ദീപാവലി റിലീസായിട്ടാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. വസീം ഖുറേഷിയാണ് നിര്‍മാണം.