സൽമാൻ ഖാന്റെ സഹോദരീപുത്രി അലിസെ അഗ്നിഹോത്രി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു
23 November 2022
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സഹോദരീ പുത്രി അലിസെ അഗ്നിഹോത്രി ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് സൗമേന്ദ്ര പാധിയുടെ അടുത്ത സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. അലിസെയുടെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു, 2023-ൽ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ് .
ദേശീയ അവാർഡ് നേടിയിട്ടുള്ള ബുധിയ സിംഗ്: ബോൺ ടു റൺ എന്ന ഏറെ പ്രശംസ നേടിയ ചിത്രത്തിലൂടെയാണ് സൗമേന്ദ്ര പാധി അറിയപ്പെടുന്നത്. അലിസെയുടെ ആദ്യ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മറച്ചുവെച്ചിരിക്കുകയാണ്.
നടനും നിർമ്മാതാവുമായ അതുൽ അഗ്നിഹോത്രിയുടെയും സൽമാൻ ഖാന്റെ സഹോദരി അൽവിറ ഖാൻ അഗ്നിഹോത്രിയുടെയും മകളാണ് അലിസെ അഗ്നിഹോത്രി. അതേസമയം, സുഹാന ഖാൻ, ഖുഷി കപൂർ, അഗസ്ത്യ നന്ദ എന്നിവർക്ക് ശേഷം, ഉടൻ തന്നെ അഭിനയരംഗത്തെത്തുന്ന മറ്റൊരു താരപുത്രിയാണ് അലിസെ.