വന്‍കിട മദ്യ കമ്പനികള്‍ക്കു വേണ്ടി സിപിഎം ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണം: വിഡി സതീശൻ

single-img
24 November 2022

കേരളത്തിലെ മദ്യവില വര്‍ധിപ്പിക്കാനുള്ള തീരുമാനം അശാസ്ത്രീയമാണെന്നും വന്‍കിട മദ്യ കമ്പനികള്‍ക്കു വേണ്ടി സിപിഎം ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ . സംസ്ഥാന സര്‍ക്കാര്‍ ഇന്‍സെന്റീവ് നല്‍കിയിരുന്നെങ്കില്‍ പാല്‍ വില വര്‍ധന ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

മദ്യവില വർദ്ധിപ്പിക്കാൻ സ്വീകരിച്ച സര്‍ക്കാര്‍ തീരുമാനം അശാസ്ത്രീയവും നേരിട്ടോ അല്ലാതെയോ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നതുമാണ്. മദ്യത്തിന്റെ വില ഇങ്ങിനെ അമിതമായി വര്‍ധിപ്പിക്കുന്നത് മാരക ലഹരി വസ്തുക്കളിലേക്ക് വഴിതിരിച്ച് വിടുമെന്ന യാഥാര്‍ത്ഥ്യവും സര്‍ക്കാര്‍ കാണാതിരിക്കരുത്. ലഹരിവിരുദ്ധ കാമ്പയിന്‍ നടത്തുന്ന സര്‍ക്കാര്‍ തന്നെ മയക്കുമരുന്ന് വ്യാപനത്തിന് വഴിമരുന്നിടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ക്കുന്നു.

മദ്യവില കൂട്ടിയാലും ഉപഭോഗം കുറയില്ലെന്നതാണ് നമുക്ക് മുന്നിലുള്ള യാഥാര്‍ത്ഥ്യം. അതുകൊണ്ടു തന്നെ മദ്യപിക്കുന്നവര്‍ക്ക് തന്റെ വരുമാനത്തിലൈ നല്ലൊരു ഭാഗം മദ്യത്തിനായി നല്‍കേണ്ടി വരും. ഇത് വീട്ടുചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി നീക്കി വയ്ക്കുന്ന തുകയില്‍ കുറവുണ്ടാക്കുകയും കുടുംബങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുകയും ചെയ്യുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു .