ഗവർണർ ആർഎസ്എസ് പരിപാടിക്കായി അസമിലേക്ക്‌ പറക്കുന്നത് സർക്കാർ ചെലവിൽ എന്ന് ആരോപണം

single-img
19 September 2022

ദൂർത്തിനെക്കുറിച്ചും ബന്ധു നിയമങ്ങളെക്കുറിച്ചും വാചാലനാകുന്ന കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ആർഎസ്‌എസ്‌ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി അസമിലെ ഗുവാഹത്തിയിൽ പോകുന്നത് സർക്കാർ ചെലവിലാണ് എന്ന് ആരോപണം. ആർഎസ്‌എസ്‌ സംഘടനയായ പ്രജ്ഞാപ്രവാഹ്‌ അസമിലെ ഗുവാഹത്തിയിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് ഗവർണർ സർക്കാർ ചിലവിൽ പങ്കെടുക്കുന്നത്‌.

പ്രജ്ഞാപ്രവാഹ്‌ സംഘടിപ്പിക്കുന്ന പരിപാടിയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി ആണ് കേരള ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പങ്കെടുക്കുന്നത്. മലയാളിയായ ആർഎസ്‌എസ്‌ നേതാവ്‌ ജെ നന്ദകുമാറാണ്‌ പ്രജ്ഞാപ്രവാഹ്‌ തലവൻ. ആർഎസ്‌എസിൽ സർസംഘചാലക്‌ കഴിഞ്ഞാൽ രണ്ടാമനായ സർകാര്യവാഹ്‌ ദത്താത്രേയ ഹൊസബല്ലെക്കൊപ്പം ആണ് ഗവർണറും പങ്കെടുക്കുന്നത്. കേരളത്തിൽനിന്ന്‌ ഡൽഹിയിൽ എത്തിയശേഷമാകും ഗുവാഹത്തിയിലേക്ക്‌ പറക്കുക.

ഗവർണറെന്ന നിലയിൽ സമീപകാലത്ത്‌ പ്രത്യേക താൽപ്പര്യമെടുത്ത്‌ സ്‌റ്റാഫിൽ നിയമിച്ച സംഘപരിവാർ മാധ്യമപ്രവർത്തകൻ വഴിയാണ്‌ ആർഎസ്‌എസുമായുള്ള ബന്ധം ശക്തമാക്കാൻ ശ്രമിക്കുന്നത് എന്നാണ് ഉയരുന്ന ആരോപണം. രാഷ്ട്രപതി, ഉപരാഷ്ട്രപതി പദവികളായിരുന്നു ആദ്യം ലക്ഷ്യം എങ്കിലും, ഈ രണ്ട്‌ പദവിയിലേക്കും വേണ്ടെന്ന്‌ സംഘപരിവാർ നിലപാടെടുത്തതോടെ ആരിഫിന്റെ സാധ്യത അടഞ്ഞിരുന്നു. ഇത് മുഖ്യമന്ത്രി കഴിഞ്ഞ വാർത്ത സമ്മേളനത്തിൽ പരിഹാസ രൂപേണ പറയുകയും ചെയ്തിരുന്നു. എന്നാൽ ഗവർണർ പദവിയിൽ ഒരു ഊഴംകൂടി ലക്ഷ്യമിട്ടാണ്‌ പുതിയ നീക്കം എന്നാണു പൊതുവെ വിലയിരുത്തപ്പെടുന്നത്.