യാഥാർത്ഥ്യം ഉടൻ തെളിയണം; നിവിൻ പോളിക്കെതിരായ ആരോപണം വ്യാജം: വിനീത് ശ്രീനിവാസൻ
നടൻ നിവിൻ പോളിക്കെതിരെ ഉയർന്നിട്ടുള്ള ലൈംഗിക പീഡനാരോപണം വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. യുവതി നൽകിയ പരാതിയിൽ പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങൾ തെളിവായി ഉണ്ടെന്നും അദ്ദേഹം ഇന്ന് ഒരു മാധ്യമത്തോട് പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബർ 14ന് നിവിൻ ഉണ്ടായിരുന്നത് വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ ചിത്രീകരണ സെറ്റിലാണെന്നും 15ന് പുലർച്ചെ മൂന്നുമണിവരെ നിവിൻ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറയുന്നു . ആരോപണങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം ഉടൻ തെളിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ചിത്രീകരണം . വലിയ ആൾക്കൂട്ടത്തിന് ഇടയിലായിരുന്നു ഇത് . ഉച്ചയ്ക്കുശേഷം ക്രൗൺ പ്ലാസയിൽ ഉണ്ടായിരുന്നു. ക്രൗൺ പ്ലാസയിൽ പുലർച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. പിന്നാലെ ഫാർമ വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിൻ പോയത് ഇതിൽ അഭിനയിക്കാനാണ്. ഇത് കേരളത്തിൽ ആയിരുന്നു,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.