വീണ ജോർജിന്‍റെ ഭർത്താവിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം നേതാവിന് താക്കീത്
മാധ്യമങ്ങളിലൂടെ മന്ത്രി വീണ ജോർജിന്‍റെ ഭർത്താവിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം നേതാവിന് താക്കീത്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായ കെ കെ ശ്രീധരനെയാണ് പാർട്ടി താക്കീത് ചെയ്തത്. മന്ത്രിയുടെ ഭർത്താവ് ഇടപെട്ട് കിഫ്ബി റോഡ് നിർമ്മാണത്തിൽ ഓടയുടെ ഗതിമാറ്റിച്ചെന്നായിരുന്നു ആരോപണം.
നേരത്തെ ശ്രീധരനെതിരെ ശക്തമായ നടപടി വേണമെന്ന് ജില്ലാ സെക്രട്ടറി ഉൾപ്പെടെ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന നേതൃത്വം വഴങ്ങിയില്ല. കൊടുമൺ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയാണ് കെ കെ ശ്രീധരൻ. അതേസമയം, മന്ത്രിയുടെ ഭര്‍ത്താവിന്‍റെ വാണിജ്യ കെട്ടിടവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി റവന്യൂ വകുപ്പ് നടത്തിയ പരിശോധനയില്‍ കയ്യേറ്റമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ , പരിശോധനയില്‍ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ട് ചട്ടലംഘനം കണ്ടെത്തി. നോട്ടീസ് നൽകാൻ പഞ്ചായത്തിന് കളക്ടറുടെ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. റോഡ് അലൈൻമെന്റിൽ മാറ്റം വരുത്താൻ തന്റെ ഭർത്താവ് ജോർജ് ജോസഫ് ഇടപെട്ടു എന്നത് അടിസ്ഥാനരഹിതമായി കാര്യമാണെന്ന് മന്ത്രി വീണ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു.