ബൂത്തില്‍ കയറി വോട്ട്ചോദിച്ചതായി ആരോപണം ; രാഹുല്‍ മാങ്കൂട്ടത്തിലിനെ പോളിങ് സ്റ്റേഷനില്‍ തടഞ്ഞു; സംഘര്‍ഷം
പാലക്കാട് ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിക്കുന്നതിനിടെ വെണ്ണക്കരയില്‍ സംഘര്‍ഷം. പോളിങ് സ്റ്റേഷനില്‍ വോട്ടു ചോദിച്ചു എന്ന് പറഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. സ്ഥാനാര്‍ത്ഥി പുറത്തുപോകണം എന്ന് സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.
അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് രാഹുല്‍ പറഞ്ഞു. താന്‍ ബൂത്തില്‍ കയറി വോട്ടു ചോദിച്ചോ എന്ന് ക്യാമറ നോക്കിയാല്‍ അറിയാം. പിന്നെ എന്തിനാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്നാണ് രാഹുല്‍ ചോദിച്ചത്. സംഘര്‍ഷം ഇല്ലാതിരിക്കാന്‍ പോലീസ് കിണഞ്ഞുശ്രമിച്ചു.
രാഹുലിന് പോലീസ് സംരക്ഷണം ഒരുക്കി. പ്രവര്‍ത്തകരെ പോലീസ് ബൂത്തില്‍ നിന്നും പുറത്താക്കി. പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്‍ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം പാലക്കാട് പോളിങ് ശതമാനം എഴുപത് ശതമാനത്തോട് അടുത്തിട്ടുണ്ട്. മന്ദഗതിയില്‍ തുടങ്ങിയ പോളിങ് നില ഉച്ചയ്ക്ക് ശേഷമാണ് മെച്ചപ്പെട്ടത്.