ബിജെപിയെ പരാജയപ്പെടുത്താൻ ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഖ്യം; പിബിയിൽ ചർച്ചയുമായി സിപിഎം

single-img
27 December 2022

ത്രിപുരയില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യത്തിലെത്താനാലോചിച്ച് സിപിഎം. 2023 ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ ത്രിപുരയിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് വിജയിക്കാന്‍ എന്ത് നീക്കമാണ് നടത്തേണ്ടത് എന്ന ചര്‍ച്ചകള്‍ നടന്നുവരുന്ന പിബി യോഗത്തിലുണ്ടായി. ഇതിൽ കോണ്‍ഗ്രസുമായി സഖ്യത്തിലെത്തുന്നതടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ചകളിലിടം നേടിയത്.

സഖ്യകാര്യം സിപിഎം ത്രിപുര സംസ്ഥാന ഘടകം അടുത്ത മാസം ചര്‍ച്ച ചെയ്യും. ബിജെപിയെ പരാജയപ്പെടുത്താന്‍ കൂടുതല്‍ സീറ്റുകളില്‍ വിജയം നേടുന്നതിന് കോണ്‍ഗ്രസുമായി സഖ്യത്തിലെത്താം എന്ന ആലോചന പാര്‍ട്ടിക്കുണ്ടെന്നാണ് വിവരം. എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇത് വരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.

സിപിഎമ്മിന്റെ എല്ലാ സംസ്ഥാന നേതൃത്വങ്ങളുമായും ചര്‍ച്ച നടത്തിയ ശേഷവും ഭാവിയില്‍ വരാനിടയുള്ള പ്രശ്‌നങ്ങളെ കണ്ടുമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഔദ്യോഗികമായോ അനൗദ്യോഗികമായോ ആവാം സഖ്യം.