കണ്ണന്താനം ബിജെപി കോര്‍കമ്മിറ്റിയില്‍


അല്‍ഫോണ്‍സ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി ഗോൾഡാക്ഖാനയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചതിനു പിന്നാലെയാണ് നീക്കം.
സംസ്ഥാന നേതൃത്വത്തിന്റെ ഉപദേശകസമിതിയെന്ന നിലയിലാണ് കോർ കമ്മിറ്റിയുടെ പ്രവർത്തനം. സാധാരണ ഗതിയിൽ സംസ്ഥാന, ദേശീയ ഭാരവാഹികളാണ് പാർട്ടിയുടെ കോർ കമ്മിറ്റിയിൽ അംഗങ്ങളാകാറുള്ളത്. എന്നാൽ അൽഫോൻസ് കണ്ണന്താനത്തിന് നിലവിൽ സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ ഇത്തരത്തിൽ ഒരു ഭാരവാഹിത്വമില്ല. ക്രൈസ്തവ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ അൽഫോൻസ് കണ്ണന്താനത്തിന് പാർട്ടി നിർണായക റോൾ നൽകിയിരുന്നു. ക്രൈസ്തവ വിഭാഗങ്ങളെ ബിജെപിയോടു ചേർത്തു നിർത്താൻ അദ്ദേഹം കാര്യമായ ശ്രമം നടത്തുകയും ചെയ്തു.
കേരളത്തിന്റെ ചുതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, മുതിർന്ന നേതാവും മുൻ എംഎൽഎയുമായ ഒ.രാജഗോപാൽ, ദേശീയ നിർവാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷ് എന്നിവരും സംസ്ഥാന ഭാരവാഹികളുമാണ് യോഗത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവർ.