ലക്ഷങ്ങൾ ചിലവാക്കി അറ്റകുറ്റപ്പണി നടത്തിയ റോഡ് ഒരു മാസത്തിനുള്ളിൽ തകർന്നു; വിശദീകരണം തേടി ഹൈക്കോടതി
പത്ത് ലക്ഷം രൂപ ചിലവാക്കി അറ്റകുറ്റപ്പണി നടത്തിയ ആലുവ- പെരുമ്പാവൂർ റോഡ് ഒരു മാസത്തിനുള്ളിൽ തകർന്ന സംഭവത്തിൽ ജില്ലാ ഭരണകൂടത്തോട് ഹൈക്കോടതി വിശദീകരണം തേടി. ഒരു മാസം മുൻപ് ശരിയാക്കിയ റോഡ് എങ്ങനെയാണെന്ന് തകർന്നത് എന്നും കോടതി ചോദിച്ചു. കൂടാതെ റോഡിന്റെ നിലവിലെ അവസ്ഥ പരിശോധിച്ച് റിപ്പോർട്ട് നൽകാനും ഹൈക്കോടതി ആവശ്യപ്പെട്ടു.
ധനവകുപ്പ് പ്രത്യേകഫണ്ട് അനുവദിച്ച് അറ്റകുറ്റപ്പണി നടത്തിയ 17 കിലോമീറ്റർ റോഡിലാണ് ഇപ്പോൾ നടുവൊടിക്കുന്ന കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും ഇവിടെ അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്. നിരന്തര പരാതികൾക്കൊടുവിലാണ് കുഴിയടയ്ക്കാൻ ധനമന്ത്രി പ്രത്യേകമായി പത്തു ലക്ഷം അനുവദിച്ചത്.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ തോട്ടുമുഖം സ്വദേശിയായ എഴുപതുകാരനും കൊച്ചുമകളും തലനാരിഴയ്ക്കാണ് സ്കൂട്ടർ കുഴിയിൽവീണുണ്ടായ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. അഞ്ചു വർഷത്തിലധികമായി ഈ റോഡിൽ റീ ടാറിങ് നടത്തിയിട്ട്. ഇതേതുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ.