അമ്പൂരി രാഖി കൊലക്കേസ്; മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ്
അമ്പൂരി രാഖി കൊലക്കേസില്‍ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ്. രാഖിമോളുടെ സുഹൃത്തും സൈനികനുമായിരുന്ന അഖില്‍ ആര്‍ നായര്‍, സഹോദരന്‍ രാഹുല്‍ ആര്‍ നായര്‍, സുഹൃത്ത് ആദര്‍ശ് എസ് നായര്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
മൂന്ന് പ്രതികളുടെയും പിഴത്തുകയായ 12 ലക്ഷം രൂപ രാഖിയുടെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിച്ചു. രാഖിമോളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട കേസിലാണ് അഖില്‍, രാഹുല്‍, ആദര്‍ശ് എന്നിവരെ തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻ ജഡ്ജ് കെ വിഷ്ണു ജീവപര്യന്തം ശിക്ഷിച്ചത്. തെളിവ് നശിപ്പിച്ചതിന് അഞ്ചു വര്‍ഷം തടവും അനുഭവിക്കണം.
രണ്ട് വകുപ്പുകളിലുമായി മൂന്നു പ്രതികളും നാലു ലക്ഷം രൂപ വീതമാണ് പിഴയടക്കേണ്ടത്. ഈ തുക രാഖിയുടെ കുടുംബത്തിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. വിധിയില്‍ സന്തോഷമെന്നായിരുന്നു രാഖിയുടെ അച്ഛന്‍ രാജന്‍റെ പ്രതികരണം.
2019 ജൂലൈ 21നാണ് രാഖിയെ പ്രതികള്‍ കൊലപ്പെടുത്തിയത്. പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാത്തതും മറ്റൊരു പെണ്‍കുട്ടിയുമായുള്ള അഖിലിന്‍റെ വിവാഹം മുടക്കാന്‍ ശ്രമിച്ചതുമാണ് കൊലപാതക കാരണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.