പ്രളയ സമയത്ത് തുര്‍ക്കി നല്‍കിയ സാധനങ്ങള്‍ തന്നെ ഇപ്പോൾ തിരിച്ചയച്ചു; ഭൂകമ്പ സഹായത്തില്‍ പാകിസ്ഥാനിൽ വിവാദം

single-img
18 February 2023

അതിശക്തമായ ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയ്ക്ക് അടിയന്തിര സഹായം നല്‍കിയതുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ വിവാദം. കഴിഞ്ഞവര്‍ഷം പാകിസ്ഥാനിൽ ഉണ്ടായ രൂക്ഷ പ്രളയത്തില്‍ പാകിസ്ഥാനെ സഹായിക്കാനായി തുര്‍ക്കി നല്‍കിയ സാധനങ്ങള്‍ തന്നെയാണ് ഇപ്പോൾ പാകിസ്ഥാന്‍ തിരികെ തുര്‍ക്കിയിലേക്ക് കയറ്റി വിട്ടതെന്ന് പാക് മാധ്യമപ്രവര്‍ത്തകന്‍ ഷാഹിദ് മസൂദ് ആരോപിച്ചു.

പാകിസ്ഥാൻ സേനയുടെ സി 130 വിമാനങ്ങളില്‍ തുര്‍ക്കിയിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ അടിയന്തര സഹായങ്ങള്‍ എത്തിച്ചിരുന്നു. പക്ഷെ ഈ സാധനങ്ങള്‍ എല്ലാം തുര്‍ക്കി പാകിസ്ഥാന് നേരത്തെ നല്‍കിയവയാണ് എന്നാണ് ഷാഹിദ് മസൂദ് ആരോപിക്കുന്നത്.

പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ തുര്‍ക്കിയിലേക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു വരികയാണെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് പുതിയ ആരോപണവുമായി മാധ്യമപ്രവര്‍ത്തകന്‍ രംഗത്തുവന്നത്. ദുരന്തത്തിന് പിന്നാലെ കഴിഞ്ഞദിവസം ഷെഹബാസ് ഷെരീഫ് തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു.