അമേരിക്കൻ തെരഞ്ഞെടുപ്പ്; സുനിത വില്യംസ് ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യും

single-img
14 September 2024

ഈ വർഷം നടക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ സുനിത വില്യംസും, സഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറും ബഹിരാകാശത്ത് നിന്ന് വോട്ട് രേഖപ്പെടുത്തും. ഇതിനുവേണ്ടിയുള്ള സമ്മതിദാനപത്രം അയച്ചിട്ടുണ്ടെന്നും ബുച്ച് വിൽമോർ പറഞ്ഞു.

അമേരിക്കയുടെ പൗരൻ എന്ന നിലയിൽ വോട്ട് രേഖപ്പെടുത്തുകയെന്നത് ഒരു പ്രധാന കടമയാണ്. ആ കടമ എളുപ്പമാക്കാൻ നാസ തങ്ങളെ സഹായിക്കുമെന്ന് ബുച്ച് വിൽമോർ പറഞ്ഞു. ഇത് വളരെയധികം പ്രധാനപ്പെട്ട കടമയാണെന്ന് സുനിത വില്യംസും പ്രതികരിച്ചു.

അതേസമയം, റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസും തമ്മിലുള്ള പോരാട്ടത്തില്‍ നവംബർ അഞ്ചിനാണ് വിധിയെഴുത്ത്. ബഹിരാകാശ വാഹനമായ ബോയിങ് സ്റ്റാർലൈനറിന്റെ തകർച്ചയെത്തുടർന്ന് ഇപ്പോഴും ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസും, സഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറും കഴിഞ്ഞ ദിവസം വീഡിയോ പത്രസമ്മേളനം നടത്തിയിരുന്നു.

തങ്ങൾക്ക് ഉടൻ ഭൂമിയിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് പരിഭ്രാന്തി ഉണ്ടായിരുന്നുവെങ്കിലും ബഹിരാകാശ നിലയം സന്തോഷകരമായ സ്ഥലമാണെന്നും, ഇവിടെയുളള ജീവിതം താൻ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും സുനിത വില്യംസ് അറിയിച്ചു. ബഹിരാകാശത്ത് തുടരാനുള്ള തീരുമാനത്തിൽ താൻ നിരാശനല്ലെന്ന് ബുച്ച് വിൽമോറും പറയുകയുണ്ടായി.