പതാകയെ അപമാനിച്ച അമേരിക്കൻ ഫുട്ബോൾ ടീമിനെ ലോകകപ്പിൽ നിന്ന് പുറത്താക്കണം; ആവശ്യവുമായി ഇറാൻ
ഖത്തർ ലോകകപ്പിൽ അമേരിക്ക – ഇറാൻ വാക് പിരിമുറുക്കം കൂട്ടി പുതിയ വിവാദം. ഇറാന്റെ ദേശീയ പതാകയെ അപമാനിച്ച അമേരിക്കൻ ഫുട്ബോൾ ടീമിനെ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ഇറാൻ രംഗത്തെത്തി .അമേരിക്കയുടെ ദേശീയ ഫുട്ബോൾ ടീമിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ശനിയാഴ്ച വന്ന ചിത്രമാണ് വിവാദത്തിന് കാരണമായത്.
ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ ചിഹ്നം നൽകാതെ ഇറാന്‍റെ പതാക വികലമാക്കി ചിത്രീകരിച്ചെന്നാണ് ആരോപണം. വിവാദമായതോടെ അധികൃതർ ഈ ചിത്രം പേജിൽ നിന്നും നീക്കം ചെയ്തു. പക്ഷെ, ഇതുപോരെന്നും ഫിഫ ചട്ടപ്രകാരം നടപടി വേണമെന്നുമാണ് ഇറാൻ ഫുട്ബോൾ അസോസിയേഷൻ ആവശ്യപ്പെടുന്നത്.
ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ അന്തസ്സിനെ ഹനിക്കുന്ന പെരുമാറ്റമുണ്ടായാൽ 10 മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന ഫിഫ ചട്ടം നടപ്പിലാക്കണമെന്നാണ് ഇറാന്‍റെ നിലപാട്. അതേസമയം, ഇറാനിൽ അവകാശങ്ങൾക്കായി പോരാടുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യം അറിയിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നാണ് യുഎസ് സോക്കർ നൽകുന്ന വിശദീകരണം.