183 ഏക്കർ വിസ്തൃതി; നിർമ്മാണത്തിന് 12 വർഷം; അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അടുത്ത മാസം തുറക്കും


അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രം ഒക്ടോബറിൽ തുറക്കുന്നു. ന്യൂജേഴ്‌സിയിലെ ടൈംസ് സ്ക്വയറിൽ നിന്ന് 90 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന BAPS സ്വാമിനാരായണ അക്ഷരധാം ഒക്ടോബർ 8 ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
ആകെ 183 ഏക്കർ വിസ്തൃതിയുള്ള ഈ ക്ഷേത്രം നിർമ്മിക്കാൻ ഏകദേശം 12 വർഷമെടുത്തു. നിർമ്മാണത്തിൽ യുഎസിൽ നിന്നുള്ള 12,500-ലധികം സന്നദ്ധപ്രവർത്തകർ ഉൾപ്പെടുന്നു. ന്യൂജേഴ്‌സിയിലെ റോബിൻസ്‌വില്ലെ ടൗൺഷിപ്പിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം 500 ഏക്കറിൽ പരന്നുകിടക്കുന്ന യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ കംബോഡിയയിലെ അങ്കോർ വാട്ടിന് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ ക്ഷേത്രമാണ്.
ഇന്ത്യയിൽ ഡൽഹിയിലെ അക്ഷരധാം ക്ഷേത്രം 100 ഏക്കറിലാണ് പരന്നു കിടക്കുന്നത്. അമേരിക്കയിലെ സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം പുരാതന ഇന്ത്യൻ സംസ്‌കാരത്തിനനുസരിച്ചാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ സംഗീതോപകരണങ്ങളുടെയും നൃത്തരൂപങ്ങളുടെയും പതിനായിരത്തിലധികം പ്രതിമകളും കൊത്തുപണികളും ക്ഷേത്രത്തിലുണ്ട്.
ഒരു പ്രധാന ആരാധനാലയം കൂടാതെ, ക്ഷേത്രത്തിന് 12 ഉപക്ഷേത്രങ്ങളും ഒമ്പത് ശിഖറുകളും (ശിഖരങ്ങൾ പോലെയുള്ള ഘടനകൾ), ഒമ്പത് പിരമിഡൽ ശിഖറുകളും ഉണ്ട്. പരമ്പരാഗത ശിലാ വാസ്തുവിദ്യയുടെ ഭാഗമായ ദീർഘവൃത്താകൃതിയിലുള്ള താഴികക്കുടവും ഇവിടെയുണ്ട്. ചുണ്ണാമ്പുകല്ല്, ഗ്രാനൈറ്റ്, പിങ്ക് മണൽക്കല്ല്, മാർബിൾ എന്നിവയുൾപ്പെടെ ഏകദേശം രണ്ട് ദശലക്ഷം ക്യുബിക് അടി കല്ലാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചത്.
ഇന്ത്യ, തുർക്കി, ഗ്രീസ്, ഇറ്റലി, ചൈന എന്നിവയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് അവ എത്തിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള 300-ലധികം ജലാശയങ്ങളിൽ നിന്നുള്ള ജലം ഉൾക്കൊള്ളുന്ന ‘ബ്രഹ്മകുണ്ഡ്’ എന്ന് വിളിക്കപ്പെടുന്ന ഒരു പരമ്പരാഗത ഇന്ത്യൻ പടിക്കിണറും ഇതിനകത്തുണ്ട്. ഒക്ടോബർ 18 മുതൽ ക്ഷേത്രം സന്ദർശകർക്കായി തുറക്കും.