ലോകകപ്പ് നിലനിര്‍ത്താമെന്നുള്ള സ്വപ്നങ്ങള്‍ക്കിടെ ഫ്രാന്‍സിന് വീണ്ടും തിരിച്ചടി; പരിക്ക് വില്ലനായി സൂപ്പർ താരം പുറത്ത്

single-img
16 November 2022

ദോഹ: ലോകകപ്പ് നിലനിര്‍ത്താമെന്നുള്ള സ്വപ്നങ്ങള്‍ക്കിടെ ഫ്രാന്‍സിന് വീണ്ടും തിരിച്ചടി. മുന്നേറ്റ നിരയിലെ സൂപ്പര്‍ താരം ക്രിസ്റ്റഫര്‍ എന്‍കുങ്കുവിന് പരിശീലനത്തിനിടെ പരിക്കേറ്റു.

താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ആര്‍ ബി ലെയ്പസിഗിന് വീണ്ടും മികച്ച ഫോമില്‍ കളിച്ചിരുന്ന എന്‍കുങ്കുവില്‍ ഫ്രാന്‍സിന് ഒരുപാട് പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്.

ഇന്നലത്തെ പരിശീലന സെഷനിടെ മധ്യനിര താരം എഡ്വാര്‍ഡോ കാമവിംഗയുമായി പന്തിനായുള്ള ഒരു ചാലഞ്ച് നടത്തുന്നതിനിടെയാണ് എന്‍കുങ്കുവിന്‍റെ കാലിന് പരിക്കേറ്റത്. വേദനയാല്‍ പുളഞ്ഞ എന്‍കുങ്കു ചികിത്സ തേടുന്നതിനായി ഉടന്‍ തന്നെ ട്രെയിനിംഗ് ഫീല്‍ഡില്‍ നിന്ന് പുറത്തേക്ക് പോയി. താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്നാണ് ഫ്രാന്‍സ് ഫുട്ബോള്‍ ടീം വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

പോള്‍ പോഗ്ബ, എന്‍ഗോളോ കാന്‍റെ, കിംപെമ്ബെ എന്നിവരെ ലോകകപ്പിന് മുമ്ബ് തന്നെ ഫ്രാന്‍സിന് പരിക്ക് മൂലം നഷ്ടമായിരുന്നു. ഇപ്പോള്‍ എന്‍കുങ്കുവിന് കൂടെ പരിക്ക് വില്ലനാകുമ്ബോള്‍ ഫ്രഞ്ച് ആരാധകര്‍ കടുത്ത നിരാശയിലാണ്. ഈ സീസണില്‍ മിന്നുന്ന ഗോളടി മികവിലായിരുന്നു എന്‍കുങ്കു. ജര്‍മന്‍ ബുന്ദസ്‍ലീഗില്‍ 15 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളാണ് താരം അടിച്ചു കൂട്ടിയിരുന്നത്.

ഈ സീസണില്‍ പരിക്ക് നിരന്തരം വേട്ടയാടുന്ന കരീം ബെന്‍സേമയുടെ അവസ്ഥ കൂടി പരിഗണിക്കുമ്ബോള്‍ എന്‍കുങ്കുവിന്‍റെ സാന്നിധ്യം വലിയ ആശ്വാസമായിരുന്നു ഫ്രഞ്ച് ടീമിന് നല്‍കിയിരുന്നത്. ഗ്രൂപ്പ് ഡിയില്‍ ഓസ്ട്രേലിയ, ഡെന്‍മാര്‍ക്ക്, ടൂണീഷ്യ എന്നീ ടീമുകള്‍ക്കൊപ്പമാണ് ഫ്രാന്‍സ് ഉള്‍പ്പെട്ടിരിക്കുന്നത്. 23ന് ഓസ്ട്രേലിയക്കെതിരെയാണ് ഫ്രഞ്ച് പടയുടെ ആദ്യ മത്സരം. നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയ ഡെന്‍മാര്‍ക്ക് തന്നെയാണ് ഗ്രൂപ്പിലെയും പ്രധാന വെല്ലുവിളി.