സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി നടക്കുന്ന കുറ്റകൃത്യങ്ങൾ തടയൽ; കേന്ദ്ര പുരസ്കാരം അമിത് ഷാ കേരളാ പോലീസിന് സമ്മാനിച്ചു

single-img
10 September 2024

ഓൺലൈനിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് കൃത്യം ആയ ഇടപെടൽ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം ആഭ്യന്തരമന്ത്രി അമിത് ഷാ കേരളാ പോലീസിന് സമ്മാനിച്ചു.

ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, സൈബർ ഓപ്പറേഷൻസ് വിഭാഗം എസ്പി ഹരിശങ്കർ എന്നിവർ ചേർന്നാണ് അവാർഡ് സ്വീകരിച്ചത്. ന്യൂഡൽഹിയിൽ വെച്ചാണ് അവാർഡ് ദാനം നടന്നത്.

സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും, അത് തടയുന്നതിനുമായി നിരവധി നടപടികളാണ് കേരള പൊലീസ് കൈക്കൊണ്ടുവരുന്നത്. നിലവിൽ തട്ടിപ്പിനായി ഉപയോഗിച്ച 27,680 ബാങ്ക് അക്കൗണ്ടുകളും 11,999 സിംകാർഡുകളും 17,734 വെബ്സൈറ്റുകളും സൈബർ ഡിവിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സൈബർ ഫ്രോഡ് ആൻഡ് സോഷ്യൽ മീഡിയ വിങ്ങിന്റെ നേതൃത്വത്തിൽ പ്രവർത്തന രഹിതമാക്കി. 8,369 സാമൂഹ്യ മാധ്യമ പ്രൊഫൈലുകളും 537 വ്യാജ മൊബൈൽ ആപ്ലിക്കേഷനുകളും കണ്ടെത്തി നിയമനടപടി സ്വീകരിച്ചു.