2021ല്‍ കേരളം ബിജെപി ഭരിക്കുമെന്ന് അമിത് ഷാ പറഞ്ഞു; നടക്കാന്‍ പോകുന്ന കാര്യമല്ല സര്‍ എന്ന് ഞാനും: ദേവൻ


2021ല്‍ കേരളത്തിനെ ബി ജെ പി ഭരിക്കുമെന്ന് അമിത്ഷാ തന്നോട് പറഞ്ഞിരുന്നതായും എന്നാൽ അത് നടക്കില്ലെന്ന് അന്ന് തന്നെ താൻ അദ്ദേഹത്തോട് പറഞ്ഞിരുന്നതായും നടനും ബി ജെ പി സഹയാത്രികനുമായ ദേവന്‍. ഓൺലൈൻ വിനോദ ചാനലായ കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ദേവൻ ഇക്കാര്യം പറഞ്ഞത്.
2016ല്‍ ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത്ഷാ ഈ കാര്യം പറഞ്ഞതെന്നും ദേവന്‍ വ്യക്തമാക്കി. ദേവന്റെ വാക്കുകൾ ഇങ്ങിനെ: ‘അമിത് ഷായുമായി ഞാന്‍ ഇതുവരെ രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2016ലും 2021ലും. 20121ല്‍ ഡൽഹിയിൽ ഹോംമിനിസ്റ്ററുടെ ഓഫീസില്‍ വെച്ചാണ് അദ്ദേഹത്തെ കണ്ടത്. ഞാനും അദ്ദേഹവും മാത്രമുള്ള ഒരു കൂടിക്കാഴ്ചയായിരുന്നു.
അന്ന് ഞാൻ അദ്ദേഹത്തോട് എന്നെ ഒരു സിനാമാക്കാരനായിട്ടല്ല, മറിച്ച് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായി കാണണമെന്ന് പറഞ്ഞു. എങ്കിൽ മാത്രമേ ഞാന്‍ പറയുന്നത് മനസ്സിലാകൂ എന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. 15 മിനിറ്റ് എനിക്ക് സമയം വേണമെന്നും പറഞ്ഞു. അദ്ദേഹം അത് സമ്മതിക്കുകയും എനിക്ക് പറയാനുള്ളത് കേള്‍ക്കുകയും ചെയ്തു.
അതിന് മുമ്പ് 2016ല്‍ തിരുവനന്തപുരത്ത് വെച്ച് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലും അമിത് ഷായെ കണ്ടിരുന്നു. 2021ല്‍ കേരളം ബിജെപി ഭരിക്കുമെന്ന് അന്ന് അമിത് ഷാ പറഞ്ഞു. എന്നാൽ ഇത് നടക്കാന്‍ പോകുന്ന കാര്യമല്ല സര്‍ എന്ന് ഞാന്‍ അപ്പോള്‍ തന്നെ മറുപടി പറഞ്ഞു. ഇത് പറയുന്നതില്‍ എനിക്ക് വിഷമമുണ്ടെങ്കിലും അതാണ് യാഥാര്‍ത്ഥ്യമെന്ന് ബിജെപിയുടെ ഏറ്റവും പവര്‍ഫുള്ളായ ആ നേതാവിനോട് ഞാന്‍ തുറന്ന് പറഞ്ഞു. അത് കേട്ട അദ്ദേഹം ഷോക്കായി. ഈ സമയം കുമ്മനവും അടുത്ത് തന്നെയുണ്ടായിരുന്നു.
17 വര്‍ഷം വളരെ ആക്ടീവായി രാഷ്ട്രീയത്തിലുണ്ടായിരുന്ന ഒരു ആളാണ് ഞാന്‍. മലയാളികളുടെ പള്‍സ് എനിക്ക് അറിയാം. അവർ എങ്ങിനെയാണ് ജീവിക്കുന്നത്, അവരുടെ മോഹങ്ങളും ആകാംക്ഷകളുമെല്ലാം എനിക്കറിയാം. ന്യൂനപക്ഷങ്ങളുടെ ഉള്ളില്‍ ബിജെപിയും ആര്‍.എസ്.എസും അപടകകാരികളാണെന്ന ഒരു ഭയമുണ്ട്.
അതാവട്ടെ മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ചില ഏജന്‍സികളും ഉണ്ടാക്കിയെടുത്തതാണ്. ഇവിടെയുള്ള ഹിന്ദുക്കളുടെ ഉള്ളിലും ആ ഭയമുണ്ട്. ആ ഭയം മാറ്റിയെടുക്കാന്‍ ബി.ജെ.പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അത് അഞ്ചോ ആറോ വര്‍ഷം കൊണ്ട് മാറ്റിയെടുക്കാവുന്നതുമല്ല’- ദേവന്‍ പറഞ്ഞു.