തമിഴ്നാട്ടിൽ ബിജെപിക്ക് 25 സീറ്റ്‌ ലക്ഷ്യം എന്ന് അമിത്ഷാ; സീറ്റ്‌ വിഭജനം തങ്ങൾ തീരുമാനിക്കുമെന്ന് എഐഎഡിഎംകെ

single-img
11 June 2023

അടുത്ത തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപിക്ക് 25 സീറ്റ്‌ ലക്ഷ്യം എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനയിൽ പ്രതിഷേധവുമായി എഐഎഡിഎംകെ. സീറ്റ്‌ വിഭജനം എങ്ങിനെ വേണമെന്ന് തങ്ങൾ തീരുമാനിക്കുമെന്നാണ് എഐഎഡിഎംകെയുടെ മറുപടി. സഖ്യകക്ഷിയുടെ ശക്തി നോക്കിയാണ് സീറ്റ്‌ നൽകുക. അന്തിമ തീരുമാനം എഐഎഡിഎംകെ എടുക്കുമെന്നും ഡി.ജയകുമാർ പറഞ്ഞു.

നിലവിൽ തമിഴ്നാട്ടിൽ എഐഎഡിഎംകെ- ബിജെപി സഖ്യം തകർച്ചയിലാണ് എന്ന അഭ്യൂ​ഹങ്ങൾക്കിടെയിലാണ് എഐഎഡിഎംകെയുടെ ഈ പരസ്യപ്രസ്താവന. തമിഴ്‌നാട്ടിൽ തങ്ങൾ 25 ലോക്സഭാ സീറ്റിലാണ് വിജയം ലക്ഷ്യം വെക്കുന്നതെന്ന് ചെന്നൈയിലെ ബിജെപി ഭാരവാഹി യോഗത്തിൽ അമിത് ഷാ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ 39 ലോക്സഭാ സീറ്റിൽ 5 എണ്ണത്തിലാണ് ബിജെപി മത്സരിച്ചത്. മൂന്നര ശതമാനം വോട്ടും നേടി. ഇത്തവണ 11 സീറ്റുകളിൽ മത്സരിക്കുമെന്നാണ് ബിജെപിയോട് അടുത്തുള്ള വൃത്തങ്ങളിൽ നിന്ന് സൂചനയുണ്ടായിരുന്നത്.

എന്നാൽ, അതിനിടെയാണ് 25 സീറ്റിൽ മത്സരിക്കുമെന്ന അമിത്ഷായുടെ പരാമർശം ഉണ്ടാവുന്നത്. ഇത് എഐഎഡിഎംകെയെ ചൊടിപ്പിക്കുകയായിരുന്നു. സീറ്റ് വിഭജനം തങ്ങൾ തീരുമാനിക്കുന്ന പോലെയാണെന്ന് എഐഎഡിഎംകെ പറയുന്നു.