തെലങ്കാനയിലെ മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധം: അമിത് ഷാ

single-img
24 April 2023

തെലങ്കാനയിലെ മുസ്‌ലിംകൾക്ക് വിദ്യാഭ്യാസത്തിലും തൊഴിൽ മേഖലയിലും ഡബിൾ ബെഡ്‌റൂം വീടുകൾ പോലുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിലും ഏർപ്പെടുത്തിയ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി അധികാരത്തിലെത്തിയാൽ തെലങ്കാനയിലെ മുസ്‌ലിം സംവരണം അവസാനിപ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഹൈദരാബാദില്‍ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിനിടെയായിരുന്നു അമിത് ഷായുടെ വിവാദ പരാമര്‍ശം.

മതത്തിന്റെ പേരില്‍ സംവരണവും ഇളവുകളും നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണ്. പട്ടിക ജാതി/വർഗ, ഒബിസി, പിന്നോക്ക വിഭാഗങ്ങൾക്കു മാത്രമായിരിക്കും സംവരണത്തിന് അർഹതയുള്ളത്. മുസ്ലീം സംവരണം ഒഴിവാക്കിയ ശേഷം ഇത് പട്ടിക ജാതി, പട്ടിക വർഗ, ഒ ബി സി വിഭാഗങ്ങൾക്കായി വിഭജിച്ച് നൽകുമെന്നും അമിത് ഷാ പറഞ്ഞു. തെലങ്കാനയിൽ നിലവിൽ മുസ്‌ലിം വിഭാ​ഗത്തിന് നാലു ശതമാനം സംവരണമുണ്ട്.

ബിആർഎസ് സർക്കാര്‍ അഴിമതിയുടെ കൂടാണെന്നും കേന്ദ്ര സർക്കാർ പാവപ്പെട്ടവർക്കായി നടപ്പാക്കുന്ന ആനൂകൂല്യങ്ങളൊന്നും തന്നെ സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നും പറഞ്ഞ അമിത്അ ഷാ സർക്കാരിനെ താഴെയിറക്കുമെന്നും കൂട്ടിച്ചേര്‍ത്തു. എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസിയേയും ഷാ കുറ്റപ്പെടുത്തി. ഒവൈസിയുടെ മജിലിസ് പാര്‍ടിയുടെ തീരുമാനങ്ങളാണ് ബി ആര്‍ എസ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അത്തരമൊരു സര്‍ക്കാരിനെ ഇവിടെ ആവശ്യമില്ലെന്നും ഷാ പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ പ്രതികരണവുനായി ഒവൈസി രം​ഗത്തെത്തി. മുസ്ലീം വിരുദ്ധ പ്രസം​ഗങ്ങളല്ലാതെ മറ്റൊന്നും ബിജെപിക്ക് ചെയ്യാനില്ലെന്നും വ്യാജ വാ​ഗ്ദാനങ്ങള്‍ നല്‍കാന്‍ മാത്രമേ അവര്‍ക്ക് സാധിക്കൂ എന്നും ഒവൈസി കുറ്റപ്പെടുത്തി. ഈ വർഷം അവസാനമാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി ഭരിക്കുന്ന കർണാടകയിൽ തിരഞ്ഞെടുപ്പിന് മുമ്പ് മുസ്‌ലിം സമുദായത്തിനുള്ള സംവരണം എടുത്തുമാറ്റി ഹിന്ദു സമുദായത്തിലെ രണ്ടു വിഭാഗങ്ങൾക്കായി നൽകിയിരുന്നു. ഇതേ നടപടി തെലങ്കാനയിലും ആവര്‍ത്തിക്കുമെന്നാണ് അമിത് ഷായുടെ പ്രസ​ഗത്തിലൂടെ വ്യക്തമാകുന്നത്.