ഇന്ത്യയിലേക്കുളള സ്വതന്ത്ര പ്രവേശനം നിയന്ത്രിക്കും; മ്യാൻമർ അതിർത്തി അടക്കുമെന്ന് അമിത് ഷാ

single-img
20 January 2024

രേഖകൾ ഇല്ലാതെ ഇന്ത്യയിലേക്കുളള സ്വതന്ത്ര പ്രവേശനം നിയന്ത്രിക്കുന്നതിന് മ്യാൻമർ അതിർത്തി അടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേരത്തെ ഇന്ത്യ ബം​ഗ്ലാദേശ് അതിർത്തി സംരക്ഷിച്ചത് പോലെ മ്യാൻമറിലെ ഇന്ത്യൻ അതിർത്തിയും സംരക്ഷിക്കും.

കഴിഞ്ഞ ദിവസം മ്യാൻമർ സായുധ സംഘം സൈനിക ക്യാമ്പ് അക്രമിച്ചതിനെ തുടർന്ന് സൈന്യം രക്ഷതേടി ഇന്ത്യൻ അതിർത്തി കടന്ന് എത്തിയ സംഭവത്തെ തുടർന്നാണ് അമിത് ഷായുടെ പ്രഖ്യാപനം. അസം പൊലീസിന്റെ പാസിങ് ഔട്ട് പരേഡ് വീക്ഷിച്ചതിന് ശേഷമാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.

അതിർത്തിയിൽ വേലി സ്ഥാപിക്കുന്നതിലൂടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സ്വതന്ത്ര പ്രവേശനം ഇന്ത്യ ഒഴിവാക്കും. അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് മറ്റ് രാജ്യത്തേക്ക് പ്രവേശിക്കാൻ ഉടൻ വിസ ആവശ്യമായി വരും. 2021 ൽ ഉണ്ടായ സൈനിക അട്ടിമറിക്ക് ശേഷം മ്യാൻമറിൽ ആഭ്യന്തര കലാപം രൂക്ഷമാണ്.

കഴിഞ്ഞ ദിവസം മിസോറാമിലെ ബൻദുക്ബൻക ​ഗ്രാമത്തിലേക്ക് ആണ് 276 അംഗ മ്യാൻമർ സൈന്യം ഇന്ന് എത്തിയത്. തോക്ക് ഉൾപ്പെടെയുളള ആയുധങ്ങളുമായാണ് സൈനികർ അതിർത്തി കട‌ന്നത്. ഈ സൈനികരെ ബൻദുക്ബൻകയ്ക്ക് സമീപമുളള പർവയിലെ അസം റൈഫിൾസിന്റെ ക്യാമ്പിലേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്.

മ്യാൻമറിലെ സായുധ ​ഗ്രൂപ്പായ അരാകൻ ആർമി (എഎ) സൈനിക ക്യാമ്പ് കീഴടക്കിയതോടെയാണ് മ്യാൻമർ സൈന്യം രക്ഷതേടി ഇന്ത്യയിലേക്ക് കടന്നത്. അവസാന മൂന്ന് മാസങ്ങളിലായി ഏകദേശം 600 മ്യാൻമർ സൈനികർ ഇന്ത്യൻ അതിർത്തി കടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.