അമിത് ഷാ ഇന്ന് തൃശൂരിൽ; പ്രോട്ടോക്കോൾ മറികടന്നു സുരേഷ്‌ഗോപി വേദിയിലുണ്ടാകും


2024ലെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നു തൃശൂരിലെത്തും. ഉച്ചയോടെ നെടുമ്പാശേരിയിലെത്തുന്ന അമിത് ഷാ 1.30നു ഹെലികോപ്റ്റർ മാർഗം തൃശൂരിലെത്തും.
പ്രോട്ടോക്കോൾ മറികടന്നു തൃശൂരിലെ വേദിയിൽ സുരേഷ് ഗോപി പ്രസംഗിക്കുമെന്നതാണ് ഏറെ ശ്രദ്ധേയം. നേരത്തെ സുരേഷ് ഗോപിയെ പ്രസംഗിക്കുന്നതിൽ ചില പ്രോട്ടോകോൾ തടസ്സം സംസ്ഥാന നേതാക്കൾ ഉന്നയിച്ചിരുന്നു. പാർട്ടിയിൽ പദവിയില്ലാത്ത ആളിനെ എങ്ങനെ വേദിയിൽ മുഖ്യ സ്ഥാനത്തിരുത്തുമെന്നതായിരുന്നു ഇവരുടെ ചോദ്യം. എന്നാൽ ഈ വിവാദം കാരണം സന്ദർശനം തന്നെ അമിത് ഷാ നീട്ടിവെച്ചിരുന്നു. എല്ലാ പ്രോട്ടോകോളും വിട്ട് തൃശൂരിൽ സുരേഷ് ഗോപി മുഖ്യാതിഥിയാകുമെന്ന് ഉറപ്പിച്ച ശേഷമാണ് അമിത് ഷായുടെ സന്ദർശനം.
തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥി സുരേഷ് ഗോപിയാണെന്നതിന്റെ അനൗദ്യോഗിക പ്രഖ്യാപനം കൂടിയാകും ഇന്നത്തെ പൊതുസമ്മേളനം. സുരേഷ് ഗോപിക്ക് പുറമെ ദേശീയ വക്താവ് പ്രകാശ് ജാവഡേക്കർ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം ടി.രമേശ്, സുരേഷ് ഗോപി, ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാർ, സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ എന്നിവരും ഇന്ന് പ്രസംഗിക്കും.
പൊതുസമ്മേളനത്തിനു പുറമെ തൃശൂർ പാർലമെന്റ് നിയോജക മണ്ഡലത്തിലെ ബിജെപി കാര്യകർത്താക്കളുടെ യോഗത്തിലും അമിത് ഷാ പങ്കെടുക്കും. അരലക്ഷത്തിലധികം പേരാകും പരിപാടിയിൽ പങ്കെടുക്കുക.