കേരളത്തില്‍ താമര വിടരും എന്നത് അമിത് ഷായുടെ ദിവാ സ്വപ്നം; കേരളത്തിലെ ആകെയുള്ള ഒരു മണ്ഡലത്തിലും താമര കൊഴിഞ്ഞു പോയത് ഷാ അറിഞ്ഞില്ലേ?; എം എ ബേബി

single-img
4 September 2022

തിരുവനന്തപുരം:കേരളത്തില്‍ താമര വിടരും എന്നത് അമിത് ഷായുടെ ദിവാ സ്വപ്നം മാത്രമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പരിഹസിച്ചു.കേരളത്തിലെ ആകെയുള്ള ഒരു മണ്ഡലത്തിലും താമര കൊഴിഞ്ഞു പോയത് ഷാ അറിഞ്ഞില്ലേ?.ബിജെപി വളരുന്നത് എംഎല്‍എമാരെ പണം നല്‍കി വാങ്ങി കൂട്ടിയെന്നും ബേബി കുറ്റപ്പെടുത്തി.

മുന്‍ മന്ത്രി കെ കെ ശൈലജ മാഗ്സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി അനുമതി ഇല്ലാത്തതുകൊണ്ടെന്ന വാര്‍ത്തകളോട് അദ്ദേഹം പ്രതികരിച്ചില്ല.

കേരളത്തില്‍ താമര വിരിയുന്ന ദിവസം വിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴക്കൂട്ടത്ത് ഇന്നലെ പട്ടികജാതി മോര്‍ച്ചയുടെ പട്ടികജാതി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. കേരളത്തില്‍ ബിജെപിക്കായി പ്രവര്‍ത്തിക്കണമെങ്കില്‍ രാഷ്ട്രഭക്തിക്കൊപ്പം ബലിദാനം ചെയ്യാനുള്ള ശക്തിയും വേണം. അയ്യന്‍കാളിയുടെ മണ്ണില്‍ നിന്ന് പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. കേരളത്തിലും താമര വിരിയുന്ന ദിവസം വിദൂരമല്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്ത് പതിയെ കോണ്ഗ്രസ് അപ്രത്യക്ഷമാകുകയാണ്. ലോകത്ത് നിന്ന് കമ്മ്യുണിസവും അപ്രത്യക്ഷമാകുന്നു. ഭാരതത്തില്‍ ഭാവി ഉള്ളത് ബിജെപിക്ക് മാത്രമാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ ദരിദ്രര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. രാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ ആദ്യമായി അവസരം കിട്ടിയപ്പോള്‍ മോദി സര്‍ക്കാര്‍ തെരഞ്ഞെടുത്തത് പട്ടിക ജാതിക്കാരനായ ആളെയാണ്. രണ്ടാമത് അവസരം കിട്ടിയപ്പോള്‍ പട്ടിക വര്‍ഗത്തില്‍ നിന്നും തെരഞ്ഞെടുത്തു. കേരളവും മോദിജിയുടെ യാത്രയ്ക്ക് ഒപ്പം ചേരണമെന്നും അമിത് ഷാ പറഞ്ഞു. മലയാളികള്‍ക്ക് ഓണാശംസകളും അദ്ദേഹം നേര്‍ന്നു. വാളയാര്‍ കുട്ടികളുടെ അമ്മയും അട്ടപ്പാടി മധുവിന്‍റെ അമ്മയും നിവേദനം നല്‍കി.