‘അമ്മ’ നിലകൊള്ളേണ്ടത് ഇരകൾക്കൊപ്പമാണ്; നിലപാട് വ്യക്തമാക്കി ഉർവശി

single-img
24 August 2024

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ‘അമ്മ’ സംഘടനയുടെ നിലപാടിനെ വിമർശിച്ച് നടി ഉർവശി. ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ധിഖ് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ഉർവശി അയഞ്ഞ സമീപനമല്ല സ്വീകരിക്കേണ്ടതെന്നും പ്രതികരിച്ചു.

‘അമ്മ’ നിലകൊള്ളേണ്ടത് ഇരകൾക്കൊപ്പമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടലുണ്ടാക്കി. സംഘടന ഉടൻതന്നെ യോഗം വിളിച്ച് എല്ലാവരുടെയും തീരുമാനങ്ങൾ ചോദിക്കണം . സംസ്ഥാന സർക്കാർ ഇടപെട്ട ശേഷമല്ല, അമ്മയാണ് ആദ്യം നടപടി സ്വീകരിക്കേണ്ടതെന്നും ഉർവശി കൂട്ടിച്ചേർത്തു.

“സ്ത്രീകളുടെ ഈ പ്രശ്നങ്ങളിൽ അമ്മ സംഘടനാ വളരെ ശക്തമായി ഇടപെടേണ്ട സമയമാണിത്. ഒഴുകിയും തെന്നിയും മാറിയും ഉള്ള പ്രതികരണങ്ങൾ അല്ലാതെ വളരെ ശക്തമായി ഇടപെടണം. സിനിമ മേഖലയിലെ പുരുഷന്മാർക്കെതിരെയാണ് ആരോപണങ്ങൾ. ഇങ്ങനെ മാത്രം സംഭവിക്കുന്ന ഒരു മേഖലയല്ല സിനിമ. എനിക്കൊന്നും സംഭവിച്ചിട്ടില്ല, അതുകൊണ്ട് ഞാൻ പ്രതികരിക്കേണ്ട എന്നല്ല. മറ്റു ഭാഷ നടികൾ പോലും രംഗത്തുവരുന്ന അവസ്ഥയാണുള്ളത്.

ഇത് വളരെ ഗൗരവത്തിൽ ചോദിക്കേണ്ട കാര്യമാണിത്. അമ്മയിലെ ഒരായുഷ്കാല അംഗമെന്ന നിലയിൽ എനിക്ക് പറയാനുള്ളത്, അമ്മ സംഘടന ശക്തമായ നിലപാടാണ് എടുക്കേണ്ടതെന്നാണ്. ഒരു സ്ത്രീ തന്റെ വേദനകൾ എല്ലാം മറന്ന് കമ്മിഷന് മുൻപാകെ നൽകിയ റിപ്പോർട്ട് വലിയ ഗൗരവത്തിൽ എടുക്കണം,” ഉർവശി വ്യക്തമാക്കി.