വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ സ്റ്റേജ് ഷോ നടത്തുമെന്ന് താരസംഘടന ‘അമ്മ’
വയനാട് ജില്ലയിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ അകപ്പെട്ട ദുരിതബാധിതരെ സഹായിക്കുന്നതിനായി പ്രൊഡ്യൂസേർസ് അസോസിയേഷനുമായി ചേർന്ന് സ്റ്റേജ് ഷോ നടത്തുമെന്ന് മലയാള സിനിമയിലെ താരസംഘടന അമ്മ അറിയിച്ചു.
ഇന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. അടുത്ത മാസം 20 ന് അങ്കമാലിയിലാണ് സ്റ്റേജ് ഷോ നടത്തുന്നത്. ഈ പരിപാടിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൻ്റെ വിഹിതം വയനാട് ദുരിതബാധിതർക്കായി നൽകുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി സിദ്ദിഖ് അറിയിച്ചു
അതേസമയം, വയനാട്ടിൽ ദുരന്ത മേഖല യൂണിഫോമിൽ സന്ദർശിച്ചതിന് നടനും ലെഫ്റ്റനൻ്റ് കേണലുമായ മോഹൻലാലിനെ അധിക്ഷേപിച്ച സംഭവത്തിൽ യൂട്യൂബർ അജു അലക്സിനെ അറസ്റ്റ് ചെയ്തതിട്ടുണ്ട്. ആർക്കും ആരെയും അധിക്ഷേപിക്കാമെന്ന രീതി ശരിയല്ല. മോഹൻലാൽ വയനാട് സന്ദർശിച്ചത് പുണ്യ പ്രവൃത്തിയാണ്. വ്യക്തി താത്പര്യത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നില്ല അദ്ദേഹത്തിൻ്റെ സന്ദർശനമെന്നും പരാതി നൽകിയ സിദ്ദിഖ് പറഞ്ഞു.