നിലമ്പൂർ ചാലിയാര്‍ പുഴയുടെ മമ്പാട് കടവില്‍ സ്വര്‍ണം ഖനനം ചെയ്തെടുക്കാൻ ശ്രമം

single-img
31 May 2023

നിലമ്പൂര്‍: നിലമ്പൂർ ചാലിയാര്‍ പുഴയുടെ മമ്പാട് കടവില്‍ സ്വര്‍ണം ഖനനം ചെയ്തെടുക്കാൻ ശ്രമം. ഒമ്പത്  മോട്ടോറുകളും ഉപകരങ്ങളും പൊലീസ് പിടിച്ചെടുത്തു. സ്വര്‍ണ്ണഖനനം  നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ചാലിയാര്‍ പുഴയുടെ മമ്പാട് ടൗണ്‍ കടവ് ഭാഗത്ത് വലിയ ഗര്‍ത്തകള്‍ ഉണ്ടാക്കി  മോട്ടോര്‍ സ്ഥാപിച്ചാണ്  സ്വര്‍ണ ഖനനം നടത്തുന്നത്. ഇതേ തുടര്‍ന്നാണ്  നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ് ഐ  ജെ എ രാജന്‍ എന്നിവരുടെ നേത്യത്വത്തില്‍ പരിശോധന നടത്തിയത്.

സ്വര്‍ണ്ണഖനനത്തിന് ഉപയോഗിക്കുന്ന അഞ്ച് എച്ച്  പി യില്‍ കൂടുതല്‍ പവറുള്ള 9 മോട്ടോറുകളും കുഴിയെടുക്കാന്‍ ഉപയോഗിക്കുന്ന പിക്കാസ്, തൂമ്പ, മറ്റ് ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. ചാലിയാര്‍ പുഴയിലെ മണല്‍ അരിച്ചാല്‍ സ്വര്‍ണ്ണം കിട്ടാറുണ്ട്. ചെറിയ തോതില്‍ ഉപജീവനത്തിനായി ആളുകള്‍ മണല്‍ അരിച്ച് സ്വര്‍ണ്ണഖനനം നടത്തിയിരുന്നു.എന്നാല്‍ കുഴിയെടുത്ത് മോട്ടോര്‍ ഉപയോഗിച്ച്  വെള്ളം അടിച്ച് സ്വര്‍ണ ഖനനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് നടപടി ശക്തമാക്കിയത്.

പുഴയില്‍ അപകടകരമായ കുഴികള്‍ ഉണ്ടാക്കുന്നതിനാല്‍  കുളിക്കാന്‍ ഇറങ്ങുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്. ചാലിയാര്‍ പുഴയുടെ സ്വഭാവികത  നഷ്ടപ്പെടുത്തിയുള്ള സ്വര്‍ണ്ണഖനനം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന്  സി ഐ  സുനില്‍ പുളിക്കല്‍ പറഞ്ഞു.