കുടുംബവഴത്തിനെത്തുടര്‍ന്ന് വയോധികന്‍ ഭാര്യയെ കുത്തിക്കൊന്നു


തിരുവനന്തപുരം; കുടുംബവഴത്തിനെത്തുടര്‍ന്ന് വയോധികന്‍ ഭാര്യയെ കുത്തിക്കൊന്നു.
തിരുവല്ലം പുഞ്ചക്കരി സ്വദേശിയായ 87 വയസുകാരന്‍ ബാലാനന്ദന്‍ ആണ് 82-കാരിയായ ഭാര്യ ജഗദമ്മയെ കൊലപ്പെടുത്തിയത്. ആദ്യ ഭാര്യയിലെ മക്കള്‍ ജഗദമ്മ കാണാന്‍ എത്തുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ജഗദമ്മയും ബാലാനന്ദനും തമ്മില്‍ വ്യാഴാഴ്ച ഉച്ചയോടെ വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് രണ്ടാംനിലയിലുള്ള കിടപ്പുമുറിയില്‍ പോയിരുന്ന ബാലാനന്ദന്‍, മൂന്നുമണിയോടെ കത്തിയുമായി പുറത്തുവന്ന് വീട്ടുമുറ്റത്തിരിക്കുകയായിരുന്ന ജഗദമ്മയുടെ കഴുത്തിലും വയറിലും മുതുകിലും കുത്തുകയായിരുന്നു. നിലവിളി കേട്ട് അയല്‍വാസികളായ കൃഷ്ണരാജും ലതികയും വീട്ടിലെത്തിയപ്പോള്‍ കുത്തേറ്റുകിടക്കുന്ന ജഗദമ്മയെ ബാലാനന്ദന്‍ ആക്രമിക്കുന്നതാണ് കണ്ടത്. കൃഷ്ണരാജും ലതികയും ചേര്‍ന്ന് ബാലാനന്ദനെ പിടിച്ചുമാറ്റുകയായിരുന്നു.
തിരുവല്ലം പൊലീസെത്തി ജഗദമ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാലാനന്ദനെ പോലീസ് അറസ്റ്റുചെയ്തു. 40 വര്‍ഷമായി ബാലാനന്ദനും ജഗദമ്മയും ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് മക്കളില്ല.
ബാലാനന്ദന്റെ ആദ്യ ഭാര്യ കമലമ്മ രണ്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. ആദ്യ ഭാര്യയും കൊല്ലപ്പെട്ട ജഗദമ്മയും ഒരുമിച്ച് ഈ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ജഗദമ്മയെ കാണാന്‍ കമലമ്മയുടെ മക്കളെത്തുന്നത് ബാലാനന്ദന് ഇഷ്ടമല്ലായിരുന്നു. ഇതേച്ചൊല്ലിയാണ് പലപ്പോഴും വഴക്കുണ്ടാക്കിയിരുന്നതെന്ന് സമീപവാസികളും ബന്ധുക്കളും പറഞ്ഞു.