വീട്ടിലേക്ക് കയറിയ തെരുവ് പശുവിനെ ഓടിക്കാന്‍ ശ്രമിച്ച വൃദ്ധന് ദാരുണാന്ത്യം

single-img
2 September 2023

മൊഹാലി: വീട്ടിലേക്ക് കയറിയ തെരുവ് പശുവിനെ ഓടിക്കാന്‍ ശ്രമിച്ച വൃദ്ധന് ദാരുണാന്ത്യം. പഞ്ചാബിലെ മൊഹാലിയില്‍ ഓഗസ്റ്റ് 31 ന് രാവിലെയാണ് സംഭവമുണ്ടായത്. 83കാരനായ സരൂപ് സിംഗ് എന്നയാളാണ് കഴിഞ്ഞ ദിവസം മരിച്ചത്. തിരക്കേറിയ റോഡിലൂടെ വാഹനങ്ങളിലും മറ്റും ഇടിക്കുന്ന രീതിയില്‍ വൃദ്ധനെ വലിച്ചുകൊണ്ട് തെരുവില്‍ അലഞ്ഞ് നടന്ന പശു ഓടുകയായിരുന്നു.

വീട്ടിലേക്ക് കയറിയ പശുവിനെ ഓടിക്കാനുള്ള ശ്രമത്തിനിടയില്‍ പശുവിന്റെ ശരീരത്തിലുണ്ടായിരുന്ന കയറില്‍ കാല്‍ കുടുങ്ങിയതോടെ പശു 83കാരനേയും വലിച്ച് കൊണ്ട് ഓടുകയായിരുന്നു. റോഡിലൂടെ വലിച്ച് ഇഴയ്ക്കുന്നതിന് ഇടയില്‍ റോഡ് സൈഡിലെ മതിലിലും കാറിലിലുമെല്ലാം വൃദ്ധന്‍റെ തലയടക്കം ഇടിച്ചിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിനിടയില്‍ കയറില്‍ നിന്ന് രക്ഷപ്പെടാന്‍ വൃദ്ധന്‍ നടത്തുന്ന പാഴ് ശ്രമങ്ങളും വ്യക്തമാണ്. കുറച്ച് ദൂരം ഓടിയ പശുവിനെ ഒടുവില്‍ നാട്ടുകാര്‍ പിടികൂടിയതോടെയാണ് സരൂപ് സിംഗിനെ കയറില്‍ നിന്ന് രക്ഷപ്പെടുത്താനായത്. ഇതിനോടകം ഗുരുതര പരിക്കേറ്റ 83കാരന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം തൊഴുത്തിൽ നിന്ന് അഴിഞ്ഞുപോയ പശുവിനെ പിടിക്കുന്നതിനിടയില്‍ പശുവിനോടൊപ്പം ചെറിയ കിണറില്‍ വീണ വീട്ടമ്മ മരിച്ചിരുന്നു. ഇടുക്കി കരുണപുരം വയലാര്‍ നഗർ സ്വദേശി ഉഷയാണ് മരിച്ചത്. കറക്കുന്നതിനായി തൊഴുത്തില്‍ നിന്ന് അഴിക്കുന്നതിനിടെയാണ് പശു കുതറിയോടിയത്. പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തൊഴുത്തിനോട് ചേര്‍ന്നുള്ള ചെറിയ കിണറിലേക്ക് ഉഷ വീഴുകയായിരുന്നു. ഉഷയുടെ ദേഹത്തേക്കാണ് പശു വീണത്. ഉഷയെ കാണാതായതോടെ ഭര്‍ത്താവ് നടത്തിയ തെരച്ചിലിലാണ് ചെറിയ കിണറ്റില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.

നേരത്തെ അലഞ്ഞ് തിരിയുന്ന കാലികളുടെ സംരക്ഷണത്തിനായി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യക പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രി ബേ സഹാര ഗോ വന്‍ഷ് എന്നാണ് തെരുവില്‍ അലയുന്ന കാലികളെ സംരക്ഷിക്കുന്ന പദ്ധതിക്ക് നല്‍കിയ പേര്. 2012ലെ കണക്കെടുപ്പ് പ്രകാരം 205 ലക്ഷം കന്നുകാലികളാണ് ഉത്തര്‍പ്രദേശിലുള്ളത്. ഇതില്‍ 10-12 ലക്ഷം ഉടമകള്‍ ഉപേക്ഷിച്ച് അലഞ്ഞുതിരിയുന്നവയാണ്. 523 ഗോശാലകളാണ് യുപിയില്‍ സര്‍ക്കാര്‍ നടത്തുന്നത്. കോടിക്കണക്കിന് രൂപയാണ് കാലികളെ പരിപാലിക്കുന്നതിനായി ചെലവാക്കുന്നത്. 2019-20 ബജറ്റില്‍ 600 കോടി രൂപയാണ് കന്നുകാലികളുടെ ക്ഷേമത്തിന് വകയിരുത്തിയത്.