സിജുവില്‍ നിന്നും ഇതുവരെ പ്രതീക്ഷിക്കാത്ത പ്രകടനം; പത്തൊമ്പതാം നൂറ്റാണ്ടിന് അഭിനന്ദനങ്ങളുമായി മേജർ രവി
വിനയന്റെ സംവിധാനത്തിൽ ഒരുങ്ങിയ പത്തൊമ്പതാം നൂറ്റാണ്ടിനെയും നായകന്‍ സിജു വിൽസണേയും അഭിനന്ദിച്ച് സംവിധായകനും നടനുമായ മേജർ രവി. വളരെ മനോഹരമായതും കണ്ടിരിക്കാവുന്നതുമായ ഒരു ചിത്രമാണെന്നും സംവിധായകന്‍ വിനയന്‍റെ പരിശ്രമം എടുത്തു പറയേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
സിജുവില്‍ നിന്നും ഇതുവരെ പ്രതീക്ഷിക്കാത്ത പ്രകടനമാണ് ഉണ്ടായതെന്നും മലയാള സിനിമയക്ക് നല്ലൊരു വാഗ്ദാനമാണെന്നും പുതിയ നായകനെ കിട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഒരു നായകനെ കിട്ടുക എന്നത് സംവിധായകർക്കും നിർമാതാക്കൾക്കും ആളുകൾക്കുമെല്ലാം സന്തോഷമുള്ള കാര്യമാണ്.
കാരണം, ഒരു ദാരിദ്ര്യം മാറിക്കിട്ടും. വിനയൻ സിനിമകളിൽ അഭിനയിച്ച ഓരോരുത്തരും മികച്ചതായിരുന്നു. വിനയൻ സംവിധാനം ചെയ്ത ഏതുപടമെടുത്താലും അത് തട്ടിക്കൂട്ട് പടം ആയിരിക്കില്ലെന്നത് ഉറപ്പാണ്. കഠിന പരിശ്രമം ഓരോ സിനിമയിലും കാണാനാകുമെന്നും മേജർ രവി പറഞ്ഞു.
ചരിത്ര പുരുഷനായ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകനെയാണ് സിജു വിൽസൺ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.