ശ്രീനാഥ് ഭാസിക്കെതിരായ പരാതി അവതാരക പിൻവലിച്ചു

single-img
30 September 2022

നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഓൺലൈൻ മാധ്യമ അവതാരക നൽകിയ പരാതി പിൻവലിച്ചു. സിനിമാ നിർമാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചർച്ചയിൽ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയതിനെ തുടർന്നാണ് പരാതി പിൻവലിച്ചത്.

ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു ഇക്കഴിഞ്ഞ 21 നാണ് പ്രശനങ്ങൾ ഉണ്ടാകുന്നത്. തുടർന്ന് അവതാരക എറണാകുളം മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. സ്റ്റേഷനിൽ ഹാജരായ ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്തു പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് സിനിമാ നിർമാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും പരാതിക്കാരിയുമായി സംസാരിക്കുകയും ചെയ്തിരുന്നു.

പരാതിക്കാരിയോട് നേരിട്ടു സംസാരിക്കുന്നതിനും ക്ഷമാപണം നടത്തുന്നതിനും ശ്രീനാഥിന് സംഘടന അവസരം ഒരുക്കി നൽകിയതിനെ തുടർന്നാണ് യുവതി പരാതി പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അവതാരക പരാതി പിൻവലിച്ചാലും പൊലീസ് നടനെതിരെ ചുമത്തിയിട്ടുള്ള സ്ത്രീകൾക്കു നേരെയുള്ള അതിക്രമത്തിന്റെ വകുപ്പുകൾ നിലനിൽക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. കേസിൽ ഉത്തരവാദിത്തം സർക്കാരിനാണ് എന്നതിനാൽ ഹൈക്കോടതി നിലപാട് നിർണായകമാകും.