വിനായകന് പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തിയെന്ന പ്രചരണം തളളി കൽപ്പാത്തി ക്ഷേത്ര ഭാരവാഹികൾ

single-img
15 May 2024

നടൻ വിനായകന് കൽപ്പാത്തി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയെന്ന പ്രചരണം തളളി ക്ഷേത്രം ഭാരവാഹികൾ. രാത്രി 11 മണിക്ക് ശേഷമായതിനാൽ ക്ഷേത്രത്തിൽ ദർശനം അനുവദിക്കാൻ കഴിയില്ലെന്ന് മാത്രമാണ് അറിയിച്ചത്.

ഇതല്ലാതെ അവിടെ മറ്റ് തർക്കങ്ങൾ ഉണ്ടായിട്ടില്ലെന്ന് വാർഡ് മെമ്പർ സുഭാഷ് കല്പത്തി പറഞ്ഞു. രാത്രി 10.30ന് ശേഷം കല്പാത്തിയിലെത്തിയ വിനായകന് കൽപ്പാത്തി ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തിയെന്നാണ് വാർത്തകൾ പ്രചരിച്ചത്.

സംഭവ സ്ഥലത്തുനിന്നും തനിക്ക് ദർശനം നടത്തണമെന്ന് വിനായകൻ ആവശ്യപ്പെടുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. പക്ഷെ ഈ പ്രചരണം തികച്ചും അവാസ്ഥവമെന്നാണ് പ്രദേശത്തെ വാർഡ് മെമ്പർ സുഭാഷ് കല്പാത്തി പറയുന്നത്. അതിനുശേഷം വിനായകൻ വിളിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.