കാശ്മീരില്ലാത്ത ഭൂപടം പലതവണ നൽകിയ മാധ്യമം; ബിബിസിക്കെതിരെ അനിൽ ആന്റണി
ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി മോദിയുടെ പങ്ക് വെളിപ്പെടുത്തിയ ഡോക്യുമെന്ററി പുറത്തുവിട്ട ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി. കാശ്മീരില്ലാത്ത ഭൂപടം പലതവണ നൽകിയ മാധ്യമമാണ് ബിബിസി എന്ന് അനിൽ ആന്റണി ട്വിറ്ററിൽ എഴുതി. അവർ ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്തുവെന്നും കുറിച്ച അനിൽ ആന്റണി കോൺഗ്രസിനെതിരെ പരിഹാസവും നടത്തി.
ബിബിസി പുറത്തിറക്കിയ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്ന് അനിൽ കെ ആന്റണി പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദങ്ങൾക്കായിരുന്നു വഴിവച്ചത്. വിവാദ ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് യുഡിഎഫ് ശക്തമായ നിലപാടെടുത്ത പശ്ചാത്തലത്തിലായിരുന്നു അനിൽ കെ ആന്റണിയുടെ പരാമർശം.
സംഭവം വിവാദമാകുകയും, പിന്നാലെ കോൺഗ്രസ് പദവികളിൽ നിന്നും അനിൽ ആന്റണി രാജിവെക്കുകയും ചെയ്തിരുന്നു . മുതിർന്ന കൺഗ്രസ് നേതാവായ എ.കെ ആന്റണിയുടെ മകനും കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിങ് കൺവീനറുമായിരുന്ന അനിൽ കെ. ആന്റണി. ട്വിറ്ററിലൂടെയായിരുന്നു രാജി വിവരം അറിയിച്ചത്.