എകെ ആന്റണിയെ കുറ്റപ്പെടുത്താനാകില്ല; അനിൽ ആന്റണിക്ക് അധികാര മോഹം: എംഎം ഹസ്സന്‍
മകൻ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിന് പിതാവായ എ കെ ആന്റണിക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത് ശരിയല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. സംഘികളും സഖാക്കളും
എ കെ ആന്റണിക്കെതിരെ നേരത്തെ തന്നെ സൈബര്‍ ആക്രമണം നടത്തികൊണ്ടിരിക്കുകയാണ്. കോൺഗ്രസ് പാർട്ടിയുമായി ബന്ധമുള്ള ആരെങ്കിലും അത്തരത്തിലുള്ള സൈബര്‍ ആക്രമണം നടത്തിയെങ്കില്‍ അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മകന്‍ ബിജെപിയില്‍ ചേര്‍ന്നു എന്നതിനാൽ അച്ഛനെ ആക്രമിക്കുന്ന സമീപനം തിരുത്തണമെന്നും എം എം ഹസ്സന്‍ പറഞ്ഞു. എം എം ഹസ്സന്റെ വാക്കുകൾ: ‘അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തില്‍ എ കെ ആന്റണിയെ കുറ്റപ്പെടുത്താനാകില്ല. മകന്‍ ചെയ്തത് തെറ്റാണെന്നും അത് വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു കഴിഞ്ഞു.
അനില്‍ ആന്റണി അധികാര മോഹത്താല്‍ ബിജെപിയിലേക്ക് പോയെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കോൺഗ്രസിൽ തന്നെ അനില്‍ ആന്റണിക്ക് ചുമതലകള്‍ നല്‍കുന്നതിനെ എ കെ ആന്റണി ശക്തമായി എതിര്‍ത്തിട്ടുണ്ട്. അനില്‍ ആന്റണിയെ സൈബര്‍ സെല്ലിന്റെ കണ്‍വീനറാക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അദ്ധ്യക്ഷനായിരിക്കുമ്പോള്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുടർന്ന് തരൂരാണ് അത് നടപ്പിലാക്കിയത്. ശശി തരൂരും എ കെ ആന്റണിയും വലിയ കൂട്ടായിരുന്നു. ആന്റണിയുടെ എതിര്‍പ്പ് മറികടന്നാണ് ചുമതല നല്‍കിയതെന്നും ഹസ്സന്‍ പറഞ്ഞു.