എന്നെ ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരും: അനിൽ ആൻറണി

single-img
5 February 2023

ബിബിസി ഡോക്യുമെൻറി വിവാദത്തിൽ തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരും എന്ന് മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ അനിൽ ആൻറണി. വിഘടനവാദികളായ ഒരു മാധ്യമസ്ഥാപനത്തിന്റെ കൂടെ നിന്ന്, ഇന്ത്യയുടെ താൽപര്യത്തിന് എതിരായി പ്രവർത്തിക്കുകയും, രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ച ഇവർ ഇന്നലെങ്കിൽ നാളെ മാപ്പ് പറയേണ്ടി വരുമെന്നും അനിൽ കൂട്ടിച്ചേർത്തു.

ബിബിസി വിഷയത്തിൽ തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നു എന്ന് പറഞ്ഞ അനിൽ, രാജ്യതാല്പര്യത്തിനായി പ്രധാനമന്ത്രി ഉൾപ്പടെ ആരുമായും നിൽക്കാൻ തയ്യാറാണ് എന്നും, എന്നാൽ തൽക്കാലം ബിജെപിയിൽ ചേരില്ല എന്നും വ്യക്തമാക്കി. മാത്രമല്ല രമേശ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും എതിർത്തവരാണ് തന്നെയും എതിർത്തതെന്നും അനിൽ ആരോപിച്ചു.

ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരാമർശിച്ചുളള ബി ബി സിയുടെ “ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ” ഡോക്യുമെന്‍ററിക്കും ബി ബി സിക്കും എതിരായ അനിൽ ആന്റണിയുടെ ട്വീറ്റ് നേരത്തെ വലിയ ചർച്ചയായിരുന്നു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയെ വിമർശിക്കുന്ന ബി ബി സി ഡോക്യുമെന്ററിയെ കോൺഗ്രസും രാഹുൽ ഗാന്ധിയുമടക്കം അനുകൂലിക്കുന്നതിനിടെയാണ് മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകൻ വിമർശിച്ച് രംഗത്തെത്തിയത്.